Sorry, you need to enable JavaScript to visit this website.

പൊതുപ്രവർത്തകരെ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പോലീസ് നീക്കം പ്രതിഷേധാർഹം -ഫ്രറ്റേണിറ്റി

പോലീസ് റെയ്ഡ് നടത്തിയ പ്രദീപ് നെന്മാറയുടെ വസതിയിൽ ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശനം നടത്തുന്നു.

പാലക്കാട്  - പൊതുപ്രവർത്തകരെ സംശയത്തിന്റെ മുനയിൽ നിർത്തുന്ന രീതിയിൽ പോലീസിന്റെ ഭാഗത്തു നിന്നും നിരന്തരമുണ്ടാകുന്ന നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം. അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിൽ ചില ആളുകളുടെ വിവരശേഖരണം നടത്തുകയാണെന്ന പേരിൽ വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും ജില്ലയിലെ നേതാക്കളുടെ വീടുകളിൽ പോലീസ് കയറിയിറങ്ങുകയും റെയ്ഡ് നടത്തുകയുമാണ്. കഴിഞ്ഞ ദിവസം ചിലരുടെ വീടുകളിൽ കയറി അഡ്രസ് വാങ്ങി ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ തുടർച്ചയാണ് ഇന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറയുടെ വീട്ടിൽ നടന്ന റെയ്ഡ്. 
കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി നേതാക്കൾ പാലക്കാട് എസ്.പിയെ കണ്ട് സംസാരിച്ചപ്പോൾ ഇത്തരം അനുചിതമായ നടപടികൾ ഇനി ആവർത്തിക്കപ്പെടില്ലെന്ന് പറഞ്ഞതാണ്. എന്നാൽ അതിന്റെ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അഭിമന്യു വധത്തിന്റെ മറവിൽ രാഷ്ട്രീയ എതിരാളികളെ ഒതുക്കാനുള്ള സി.പി.എം കുതന്ത്രത്തിന് പോലീസ് ചട്ടുകമാവുകയാണ്. ജനകീയ പ്രസ്ഥാനങ്ങളെയും പൊതുപ്രവർത്തകരെയും സമൂഹത്തിൽ അപമാനിതരാക്കാനുള്ള ശ്രമം കുറ്റവാളികളെ രക്ഷപ്പെടുത്താനേ സഹായിക്കൂ. ഇത്തരം നീക്കങ്ങളിൽ നിന്ന് ഭരണകൂടവും പോലീസും പിന്മാറണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. 
തോന്നുംപോലെ ജനങ്ങളുടെ സൈ്വരജീവിതത്തിൽ ഇടപെടാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം. അകാരണമായി വീടുകളിൽ കയറിയിറങ്ങുകയും റെയ്ഡ് നടത്തുകയും ചെയ്ത നെന്മാറ സ്‌റ്റേഷനിലെ അടക്കം മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മാതൃകപരമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News