ക്വീറ്റോ-അടുത്തിടെ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതുകയും സംസ്‌കാരച്ചടങ്ങിനിടെ ശവപ്പെട്ടിയില്‍ വച്ച് ജീവനുണ്ടെന്ന് കണ്ടെത്തുകയും ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ വൃദ്ധ ഒടുവില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഏഴ് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ബെല്ല മോണ്ടോയ എന്ന വൃദ്ധയാണ് ഒടുവില്‍ മരണമടഞ്ഞത്. ജൂണ്‍ 16നായിരുന്നു മരണമെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌ട്രോക്കിനെ തുടര്‍ന്നാണ് ചികിത്സയിലിരുന്ന ഇക്വഡോര്‍ സ്വദേശിനിയായ 76കാരിയായ ബെല്ല മോണ്ടോയ മരിച്ചെന്ന് ഈ മാസം ഒമ്പതിനാണ് രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി വിധിയെഴുതിയത്. ബെല്ലയുടെ മരണ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കി. മണിക്കൂറുകളോളം ചലനമില്ലാതിരുന്ന ബെല്ല എന്നാല്‍ സംസ്‌കാരച്ചടങ്ങിനിടെ ശവപ്പെട്ടിയില്‍ തന്റെ കൈ കൊണ്ട് ഇടിക്കുകയായിരുന്നു. പെട്ടിയ്ക്കുള്ളില്‍ ശ്വാസമെടുക്കാന്‍ ശ്രമിക്കുന്ന ബെല്ലയെ കണ്ട ചുറ്റും നിന്നവര്‍ ഉടന്‍ അവരെ ആശുപത്രിയിലെത്തിച്ചു. ബെല്ല മരിച്ചെന്ന് വിധിച്ച അതേ ആശുപത്രിയില്‍ തന്നെയായിരുന്നു ഇത്. തുടര്‍ന്ന് വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ബെല്ലയെ ശരിക്കും മരണം തട്ടിയെടുത്തത്.