സിയോൾ- വിമാനം പറന്നുകൊണ്ടിരിക്കെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച 19 കാരനെ ജീവനക്കാർ കെട്ടിയിട്ടു. നെഞ്ച് വേദനയെന്നു പറഞ്ഞുകൊണ്ടാണ് കൊറിയൻ കൗമാരക്കാരൻ വിമാനത്തിൽ പ്രശ്നം സൃഷ്ടിച്ചത്. ഫിലിപ്പൈൻസിലെ സെബുവിൽനിന്ന് സിയോളിലേക്ക് വന്ന ജെജു വിമാനത്തിലാണ് സംഭവം.
വിമാനം പറന്നുയർന്ന് ഒരു മണിക്കൂറായതോടെ 19 കാരൻ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നുവെന്നും തുടർന്ന് യാത്രക്കാരനെ വിമാനത്തിലെ മുൻസീറ്റിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. എക്സിറ്റ് ഡോറിനു സമീപം ഇരുത്തിയിരുന്ന കൗമാരക്കാരൻ ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നുവെങ്കിലും പൊടുന്നനെ എഴുന്നേറ്റ് എമർജൻസി ഡോറിനു സമീപം പോയി തുറക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ജെജു എയർലൈൻസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തുടർന്ന് യാത്രക്കാരനെ കയറു കൊണ്ട് ബന്ധിച്ചാണ് വിമാനം ലാൻഡ് ചെയ്യുന്നതുവരെ ഇരുത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൗമാരക്കാരന് ഡോർ തുറക്കാൻ സാധിച്ചിരുന്നില്ലെന്നും കേടുപാടില്ലെന്നും എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു.