ദോഹ- നാട്ടിലും പ്രവാസ ലോകത്തും സാമൂഹ്യ സേവന മേഖലയിൽ സജീവമായിരുന്ന പി. അബ്ദുൽ ഗഫൂർ ഇനി ഓർമ. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സജീവ പ്രവർത്തകനും തൃശൂർ അൽ ഉമ്മ ട്രസ്റ്റ് ചെയർമാനുമായ മതിലകം ചക്കരപ്പാടം സ്വദേശി പി. അബ്ദുൽ ഗഫൂർ (62) ആണ് ഖത്തറിൽ നിര്യാതനായത്.
ചക്കരപ്പാടം പോനിശ്ശേരി പരേതരായ അബ്ദുറഹിമാൻെറയും ഐഷാബിയുടെയും മകനാണ്. ഇന്ത്യൻ എയർഫോഴ്‌സിൽ നിന്ന് വിരമിച്ച ശേഷം പ്രവാസ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
ഖത്തറിൽ തൃശൂർ ജില്ല ഇസ്‌ലാമിക് അസോസിയേഷനും അതിന്റെ കീഴിൽ കനിവ് എന്ന ജീവകാരുണ്യ സംരംഭവും രൂപവത്കരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. തൃശൂർ അൽ ഉമ്മ ട്രസ്റ്റ് രൂപവത്കരണത്തിലും ഹിറ മസ്ജിദും അനുബന്ധ സ്ഥാപനങ്ങളും പടുത്തുയർത്തുന്നതിലും പരിപാലനത്തിലും മുൻനിരയിലുണ്ടായിരുന്നു.
ഖത്തർ സ്റ്റീലിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. ഖത്തർ ഇൻസ്ട്രുമെൻേറഷൻ സ്ഥാപനത്തിന്റെ പാർട്ണറായിരുന്നു. ഈയടുത്ത് നാട്ടിൽ പോയ അദ്ദേഹം കഴിഞ്ഞ ഒന്നാം തീയതി മകളുടെ വിവാഹം കഴിഞ്ഞ ശേഷം നാലിനാണ് ഖത്തറിലേക്ക് മടങ്ങിയത്. വക്‌റ ഹമദ് ആശുപത്രിയിലായിരുന്നു മരണം. ഖബറടക്കം ഖത്തറിൽ നടന്നു.
ഭാര്യമാർ: നിസ (ഖത്തർ), ബുഷറ. മക്കൾ: മുഹ്‌സിൻ, മുഫ്‌ലിഹ് (ഇരുവരും ഓസ്‌ട്രേലിയ), മുഫീദ, മുസ്‌ലിഹ് (ഇറ്റലി), മുബീൻ, മുനീർ, മുഅ്മിന (മലേഷ്യ), മുഈൻ, മുആദ്, മുഷീർ, മർവ. മരുമക്കൾ: ബിജിൽ (ഖത്തർ), റാഫി (പോലീസ് വകുപ്പ്, പാലക്കാട്). സഹോദരങ്ങൾ: അബ്ദുൽ ഖാദർ പോനിശ്ശേരി (മാധ്യമം മുൻ തൃശൂർ ജില്ല ഓർഗനൈസർ), അബ്ദുൽ മനാഫ്, അബ്ദുൽ മജീദ് (യു.എ.ഇ.), സാറ, നഫീസ, ഖദീജ, നസീമ (പ്രധാനാധ്യാപിക, മാങ്ങോട്ടുപടി സ്‌കൂൾ ചാവക്കാട്), സുബൈദ. 35 വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നിലവിൽ സീഷോർ ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. തൃശൂർ ജില്ലാ ഇസ്‌ലാമിക് അസോസിയേഷൻ മുൻ പ്രസിഡൻറാണ്. നിലവിൽ എക്‌സിക്യൂട്ടീവ് അംഗമാണ്.
ഖത്തറിൽ ജീവകാരുണ്യ ജനസേവന മേഖലയിൽ മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വിശാലമായ സൗഹൃദ ബന്ധമുണ്ടായിരുന്നു.
പി. അബ്ദുൽ ഗഫൂറിന്റെ നിര്യാണത്തിൽ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് കെ.സി അബ്ദുൽ ലത്തീഫ് അനുശോചിച്ചു.