ആലപ്പുഴ- ബികോം പാസാകാതെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി എം കോമിന് ചേർന്ന് കോളേജിൽ എസ് .എഫ് .ഐയുടെ പേരിൽ വിലസിയ നിഖിൽ തോമസിനെ സംഘടനയിൽ നിന്നും പുറത്താക്കിയത് ഗത്യന്തരമില്ലാതെ.
സ്‌കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാതിരുന്ന നിഖിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ മാത്രമാണ് എസ.്എഫ.ഐയിൽ സജീവമായത്. നിഖിലിന്റെ വളർച്ച കായംകുളത്തെ സി. പി. എം നേതാക്കളുടെ തണലിലായിരുന്നു. കായംകുളത്തെ സി. പി. എം ഏരിയാ കമ്മിറ്റി ഓഫീസ് സ്റ്റാഫായി നിയമിക്കപ്പെട്ടതാണ് നിഖിലിന്റെ തലവര മാറ്റിയത്. സംഘടനയിൽ തനിക്കെതിരെ പ്രവർത്തിക്കുന്നവരെ എസ് .എഫ് .ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ പോലും നിഖിലിന് നേതാക്കളിലുള്ള ഈ അമിത സ്വാധീനം തുണയായിട്ടുണ്ട്.
എം.എസ.്എം കോളേജിൽ ഡിഗ്രി പഠനത്തിനായി എത്തിയതോടെയാണ്ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നിഖിലിനെ തേടി രണ്ടാം വർഷം തന്നെ എസ് എഫ് ഐയുടെ കോളേജ് യൂണിറ്റ് പ്രസിഡന്റ് പദം എത്തി. തൊട്ടുപിന്നാലെ സി.പി.എമ്മിന്റെ കായംകുളം ഏരിയാ കമ്മിറ്റി ഓഫീസ് സ്റ്റാഫായി.ഇതോടെയാണ് നേതാക്കളുമായി അടുക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ .എച്ച് ബാബുജാൻ ഉൾപ്പടെയുള്ള നേതാക്കളുടെ തണലിൽ പദവികൾ വെട്ടിപ്പിടിക്കുകയായിരുന്നു. രണ്ടാം വർഷം തന്നെ എസ്. എഫ് .ഐ കോളേജ് യൂണിയൻ പ്രസിഡന്റ്, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, സർവ്വകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറി, കഴിഞ്ഞ വർഷം നിരവധി മുതിർന്ന നേതാക്കളെ വെട്ടിമാറ്റി എസ് .എഫ് ഐയുടെ ഏരിയാ സെക്രട്ടറിയുമായി. എല്ലാറ്റിനും തുണയായത് നേതാക്കളിലുള്ള അമിത സ്വാധീനം തന്നെ. കൂടുതൽ ഉയരങ്ങളിലേക്ക് പാർട്ടി കൈപിടിച്ചുയർത്തുന്നതിനിടെയാണ് അടിതെറ്റിയുള്ള വീഴ്ച്ച. കേരള സർവ്വകലാശാല സെനറ്റിലേക്ക് പാർട്ടി നിർദ്ദേശിച്ചവരിൽ ഒരാളായിരുന്നു നിഖിൽ. പക്ഷെ അതിന് മുമ്പേ വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഉയർന്നു.
സംഘടനയിൽ നിഖിലിനെ വെല്ലുവിളിച്ച 3 പേരെ നേതൃത്വത്തിന്റെ സഹായത്തോടെ ജില്ലാ കമ്മിറ്റിയിൽനിന്ന് പുറത്താക്കാൻ ചരടുവലിച്ചത് അടുത്തിടെയാണ്. ഇതിൽപ്പെട്ട ഒരു പെൺകുട്ടിയാണ് നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഉയർത്തിക്കൊണ്ട് വന്നതും. വ്യാജ സർട്ടിഫിക്കറ്റ് വിവാദം എസ് എഫ് ഐ യ്ക്ക് മാത്രമല്ല, സി പി എമ്മിനും സർക്കാരിനും കടുത്ത പ്രതിസന്ധിയുണ്ടാക്കിയതാണ് നിഖിലിന് പുറത്തേക്കുള്ള വഴി തുറന്നത്.
നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചതായി എസ് .എഫ് .ഐ നേതൃത്വം മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളത്തിനു പുറത്തുള്ള പല സർവകലാശാലകളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന മാഫിയാ സംഘത്തിന്റെ സഹായം തേടിയ ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറിയെന്നാണ് എസ് .എഫ് .ഐയുടെ വിലയിരുത്തൽ. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നിഖിൽ തോമസ് ചെയ്തതെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. കേരളത്തിന് പുറത്തുള്ള പല സർവകലാശാലകളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്നു കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിന്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസ്സിലാക്കാൻ. ഒരിക്കലും ഒരു എസ്എഫ്‌ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തത്. അതിനാൽ എസ്എഫ്‌ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതായിട്ടാണ് എസ് എഫ് ഐ സംസ്ഥാന നേതൃത്വം അറിയിച്ചത്. നിഖിലിനെ പുറത്താക്കാനുള്ള തീരുമാനം സിപിഎം നേതൃത്വം ഇടപെട്ടതിനെത്തുടർന്നാണ്.