വാഷിംഗ്ടൺ- സുപ്രധാനമായ കരാറുകളിൽ ഒപ്പിടുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയിലെത്തി. ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ കൈമാറ്റം സംബന്ധിച്ച കരാറുകളിൽ ഒപ്പിടും. അടുത്ത മൂന്ന് ദിവസം അമേരിക്കയിൽ വിവിധ പരിപാടികളിൽ മോഡി പങ്കെടുക്കും. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗം, വ്യവസായ പ്രമുഖരുമായും ഇന്ത്യൻ പ്രവാസികളുമായും കൂടിക്കാഴ്ച, യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ അത്താഴം എന്നിവയാണ് മോഡിയുടെ പരിപാടികളിൽ ഉൾപ്പെടുന്നത്. ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോണിനും ദക്ഷിണ കൊറിയയിലെ യൂൻ സുക് യോളിനും ശേഷം പ്രസിഡന്റ് ബൈഡൻ അമേരിക്കൻ സന്ദർശനത്തിനും അത്താഴത്തിനും ക്ഷണിച്ച മൂന്നാമത്തെ ലോക നേതാവാണ് മോഡി. ന്യൂയോർക്കിൽ പ്രധാനമന്ത്രി മോഡി നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, പണ്ഡിതർ, സംരംഭകർ, അക്കാദമിക് വിദഗ്ധർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ തുടങ്ങി 24 ഓളം പേരുമായും കൂടിക്കാഴ്ച നടത്തും.
ടെസ്ല സ്ഥാപകൻ എലോൺ മസ്‌ക്, ജ്യോതിശാസ്ത്രജ്ഞൻ നീൽ ഡിഗ്രാസ് ടൈസൺ, ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ-അമേരിക്കൻ ഗായകൻ ഫാലു (ഫൽഗുനി ഷാ), പോൾ റോമർ, നിക്കോളാസ് നാസിം തലേബ്, റേ ഡാലിയോ, ജെഫ് സ്മിത്ത്, മൈക്കൽ ഫ്രോമാൻ ഡാനിയൽ റസൽ, എൽബ്രിഡ്ജ് കോൾബി, ഡോ. ആഗ്രേ, ഡോ. സ്റ്റീഫൻ ക്ലാസ്‌കോ, ചന്ദ്രിക ടണ്ടൻ എന്നിവരാണ് മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുക.