റിയാദ്- കാൽ നൂറ്റാണ്ട് നീണ്ട സേവനം അവസാനിപ്പിച്ചു നാട്ടിൽ പോകാനൊരുങ്ങിയെങ്കിലും ജീവനക്കാരന് കാരണം ഫൈനൽ എക്‌സിറ്റ് നൽകാതെ കമ്പനി.
റിയാദ് ന്യൂസനാഇയ്യയിലെ ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സുകുമാരനെയാണ് അനുകൂല കോടതി വിധിയുണ്ടായിട്ടും കമ്പനി മൂന്നു വർഷമായി നാട്ടിലയക്കാതിരിക്കുന്നത്. ഇന്ത്യൻ എംബസി ഇടപെട്ടാൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണിപ്പോൾ സുകുമാരൻ.
25 വർഷമായി കമ്പനിയിലെ എൻജിനീയറിംഗ് വിഭാഗത്തിലെ തൊഴിലാളിയായിരുന്നു സുകുമാരൻ. മൂന്നു വർഷം മുമ്പ് ഫൈനൽ എക്‌സിറ്റിന് അപേക്ഷ നൽകി. അപ്പോഴാണ് പിരിഞ്ഞുപോകുമ്പോൾ ലഭിക്കേണ്ട പണത്തിന് കാത്തിരിക്കേണ്ടിവരുമെന്ന് അറിയിച്ച് ഫൈനൽ എക്‌സിറ്റ് നൽകാൻ കമ്പനി വിസമ്മതിച്ചത്. കാത്തിരിപ്പു രണ്ടു വർഷം നീളുകയും കമ്പനിയിൽ നിന്ന് അനുകൂല പ്രതികരണം ഇല്ലാതെ വരികയും ചെയ്തപ്പോൾ ആറു മാസത്തെ റീ എൻട്രിയിൽ നാട്ടിൽ പോയി. കമ്പനി സെറ്റിൽമെന്റ് നാട്ടിലേക്ക് അയക്കാം എന്ന് വാക്ക് നൽകുകയും ചെയ്തു.
ലീവ് അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴും കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. വീണ്ടും കമ്പനിയിലേക്കു തിരിച്ചെത്തി സുകുമാരൻ ഒരു മാസം ജോലിയിൽ പ്രവേശിച്ചുവെങ്കിലും കൂടുതൽ കാലം തുടരാനായില്ല. എക്‌സിറ്റ് നൽകാൻ കമ്പനി തയ്യാറാവുന്നില്ലെന്നതിനാൽ നിയമ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. തുടർന്ന് ലേബർ കോടതിയെ സമീപിച്ചു.
സുകുമാരനൊപ്പം മറ്റൊരു ഇന്ത്യക്കാരനും ഇതര രാജ്യക്കാരായ പത്തുപേരും ചേർന്നു. ഒരു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അനുകൂല വിധി നേടി. സുകുമാരന് 58000 റിയാൽ നൽകാനാണ് കോടതി വിധിച്ചത്. എന്നാൽ പണം ഇല്ലെന്നും വരുന്നതുവരെ കാത്തുനിൽക്കണമെന്നും കമ്പനി കോടതിയിൽ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ജോലിയോ വരുമാനമോ ഇല്ലാതെ ഒരു വർഷത്തിലധികമായി നിയമ നടപടിയുമായി കഴിയുന്നതിനാൽ നാട്ടിൽനിന്ന് ചെലവിനുള്ള പണം എത്തിച്ചാണ് ഇദ്ദേഹം കഴിയുന്നത്.
നിയമ നടപടി ആരംഭിച്ചു രണ്ടു മാസം പിന്നിട്ടപ്പോൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖമാണെന്നു ബോധ്യമായതിനാൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. കമ്പനി ഉടനെ നാട്ടിലയക്കാമെന്നു പറഞ്ഞു പാസ്‌പോർട്ടും ഇഖാമയും വാങ്ങിയെങ്കിലും എക്‌സിറ്റ് അടിച്ചു നൽകിയില്ല. ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നതല്ലാതെ കാര്യമായ ചികിത്സയും ലഭിച്ചില്ല. തുടർന്നും കേസുമായി മുന്നോട്ടു പോയി.
ഒൻപതു മാസത്തിനു ശേഷം പാസ്‌പോർട്ട് തിരികെ നൽകിയെങ്കിലും ഇഖാമ കമ്പനി തിരിച്ചു നൽകിയില്ല. കോടതി വിധി അനുകൂലമായിട്ടും വിധി നടപ്പിക്കാൻ തയ്യാറാവാത്തതിനെ തുടന്നു എംബസിയെ സമീപിച്ചു. കേസ് ഫയലിൽ സ്വീകരിച്ചെങ്കിലും തുടർ നടപടിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സുകുമാരൻ. ഇതിനിടെ ഇഖാമയുടെ കാലാവധിയും അവസാനിച്ചു.
ഭാര്യയും എൻജിനീയറിങിനും എം.ബി.ബി.എസിനും പഠിക്കുന്ന രണ്ട് ആൺമക്കളുമാണ് സുകുമാരനുളളത്. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും നടപ്പിലാക്കിയെടുക്കാൻ കഴിയാതെയും ജീവിക്കാൻ മറ്റു വരുമാനമില്ലാതെയും ബുദ്ധിമുട്ടുകയാണ് രോഗിയായ സുകുമാരൻ.