ജിദ്ദ - റോഡിൽ വെച്ച് ശല്യം ചെയ്ത് ആണത്തം കാണിക്കുന്നതിന് നോക്കിയ യുവാവിനെ സൗദി യുവതി പാഠം പഠിപ്പിച്ചു.
ഇഫത് യൂനിവേഴ്സിറ്റി ബിസിനസ് മാനേജ്മെന്റ് കോളേജ് പ്രിൻസിപ്പൾ ഡോ. സമർഖാനാണ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പാഠം യുവാവിനെ പഠിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ജിദ്ദ അൽമലിക് റോഡിലൂടെ കുടുംബാംഗങ്ങളെയും കൂട്ടി സഞ്ചരിക്കുന്നതിനിടെ ഡോ. സമർഖാന്റെ കാറിന് യുവാവ് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ശല്യപ്പെടുത്തുന്നതിന് ശ്രമിക്കുകയുമായിരുന്നു.
ഡോ. സമർഖാന്റെ പരാതിയിൽ യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പരാതിക്കാരി മാപ്പ് നൽകിയതിനെ തുടർന്ന് ഇരുപതുകാരനെ പിന്നീട് പോലീസ് വിട്ടയച്ചു. അൽമലിക് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ യുവാവ് തന്നെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡോ. സമർഖാൻ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് തുടങ്ങി. ഇത് കണ്ട ഉടൻ യുവാവ് അമിത വേഗതയിൽ കാറുമായി കടന്നുകളഞ്ഞു. എന്നാൽ സംഭവത്തെ കുറിച്ച് ഡോ. സമർഖാൻ സുരക്ഷാ വകുപ്പുകളെ അറിയിച്ചു. വൈകാതെ യുവാവിനെ സുരക്ഷാ വകുപ്പുകൾ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റേഷനിൽ വെച്ച് യുവാവ് ആവർത്തിച്ച് ക്ഷമാപണം നടത്തുകയും സഹോദരന്റെ കരഞ്ഞുകൊണ്ടുള്ള കേണപേക്ഷയും കണക്കിലെടുത്ത് യുവാവിന് ഡോ. സമർഖാൻ മാപ്പ് നൽകുകയായിരുന്നു. തന്റെയും കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തനമാണ് യുവാവിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഡോ. സമർ ഖാൻ പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടിവരുമ്പോൾ വനിതകൾ മൗനം പാലിക്കരുതെന്ന് ഡോ. സമർഖാൻ ആവശ്യപ്പെട്ടു.