ബെയ്ജിംഗ്- നായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭക്ഷിക്കുന്ന ചൈനയിലെ പ്രാകൃത ഉത്സവം ബുധനാഴ്ച ആരംഭിക്കാനിരിക്കെ
ഡസൻ കണക്കിന് നായ്ക്കളെ രക്ഷപ്പെടുത്താനുള്ള വഴി തേടുകയാണ് മൃഗാവകാശ സംഘടനകൾ. പുരുഷന്റെ ലൈംഗിക ശേഷി വർധിക്കാൻ സഹായകമാകുന്ന അഡ്രിനാലിൻ അളവ് കൂടാനാണ് ഭക്ഷിക്കുന്നതിനുമുമ്പ് വളർത്തുമൃഗങ്ങളെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്. തെക്കൻ ചൈനയിൽ 10 ദിവസത്തെ യുലിൻ ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവലിലേക്ക് ഓരോ വർഷവും ആയിരക്കണക്കിന് നായ്ക്കളെയാണ് പിടികൂടി എത്തിക്കുന്നത്.
പതിനായിരം നായ്ക്കൾ ഓരോ വർഷവും ലിച്ചിക്കൊപ്പം ഭക്ഷിക്കപ്പെടുന്നുവെന്നാണ് കണക്ക്. താൻ ചൈനയിൽ പലതവണ പോയിട്ടുണ്ടന്നും നായ്ക്കൾക്ക് ഏൽക്കുന്ന പീഡനം ഭീകരമാണെന്നും ലോസ് ഏഞ്ചൽസിലെ മൃഗങ്ങൾക്കുവേണ്ടിയുള്ള അഭിഭാഷകൻ ബോബി ലിയോനാർഡ് പറഞ്ഞു. ഇതിനെ എതിർക്കുന്ന ധാരാളം ആളുകൾ ഉണ്ടെങ്കിലും പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്ന് തന്റെ ലാഭത്തിന്റെ 20 ശതമാനം മൃഗങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്ന ചർമ്മസംരക്ഷണ വിദഗ്ധയായ ലിയോനാർഡ് പറഞ്ഞു.
ചൈനയിലും ഏഷ്യയുടെ മറ്റ് ചില ഭാഗങ്ങളിലും നായ്ക്കളെ ഭക്ഷിക്കുന്നത് സാധാരണമാണ്. എന്നാൽ ചൈനയിൽ എല്ലാ വർഷവും സംഭവിക്കുന്നത് ശരിക്കും ഭയാനകമാണെന്ന് ഇവിടെനിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളെ ദത്തെടുത്ത ഉടമകൾ പറയുന്നു. വേദന കാരണം നായ്ക്കളിൽ പുറത്തുവിടുന്ന ഉയർന്ന അഡ്രിനാലിൻ മാംസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുമെന്ന വിശ്വാസമാണ് നായ്ക്കളെ കൊല്ലുന്നതിന് മുമ്പ് പറഞ്ഞറിയിക്കാനാവാത്ത രീതിയിൽ പീഡിപ്പിക്കാൻ കാരണമെന്ന് ചൈനയിൽ രണ്ട് അഭയകേന്ദ്രങ്ങളുള്ള ആനിമൽസ് ഹോപ്പ് ആൻഡ് വെൽനസ് ഫൗണ്ടേഷന്റെ ബോർഡ് അംഗം ഷീന ഗാവോ വിശദീകരിച്ചു.
മെച്ചപ്പെട്ട മാംസം പുരുഷന്മാരുടെ ലൈംഗികശേഷി വർദ്ധിപ്പിക്കുമെന്നും രോഗങ്ങളെ അകറ്റിനിർത്തുമെന്നും ഭാഗ്യം കൈവരുമെന്നും ഉത്സവം നടത്തുന്നവർ വിശ്വസിക്കുന്നു. നായ്ക്കളെ കത്തിക്കുകയും തല്ലുകയും ജീവനോടെ വേവിക്കുകയും ജീവനോടെ തൊലിയുരിക്കപ്പെടുകയുമൊക്കെ ചെയ്യുന്നു. ഇത് തികച്ചും ഭയാനകമാണ്. സംഗീതസംവിധായകൻ റെയ്‌ക്കോയ്‌ക്കൊപ്പം ജൂൺ 11-ന് മാലിബുവിലെ റാഫി ലോഞ്ചിൽ വിവിധ മൃഗാവകാശ ഗ്രൂപ്പുകൾ സംഘടിപ്പിച്ച ധനസമാഹരണത്തിന് നേതൃത്വം നൽകിയ ഷീന ഗാവോ പറഞ്ഞു.
തെരുവിൽ അലഞ്ഞുതിരിയുന്നതോ വളർത്തുമൃഗങ്ങളോ ആയ ആയിരക്കണക്കിന് നായ്ക്കളെയാണ് ഉത്സവത്തിനായി എത്തിക്കുന്നത്. തെരുവിൽ നിന്ന് പിടികൂടുന്നതിനു പുറമെ വീടുകളിൽനിന്ന് മോഷ്ടിക്കപ്പെടുന്ന വളർത്തുമൃഗമങ്ങളുമുണ്ട്. തുടർന്ന് ചെറിയ കമ്പിക്കൂടുകളിലാക്കിയാണ് ഉത്സവത്തിനുള്ള തയ്യാറെടുപ്പിനായി യുലിനിലേക്ക് കൊണ്ടുപോകുന്നത്. നായ്ക്കളും പൂച്ചകളും ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം ട്രക്കുകളിൽ അടക്കപ്പെടുന്നുവെന്നും ഗാവോ പറഞ്ഞു. ക്രൂരമായ യുലിൻ ഡോഗ് മീറ്റ് ഫെസ്റ്റിവൽ അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ഷീന ഗാവോ കൂട്ടിച്ചേർത്തു.