മതങ്ങളുമായുള്ള ബന്ധത്തിന് താത്വികമായൊരു വിശദീകരണം നൽകി പിടിച്ചു നിൽക്കുകയെന്നതാണ് കേരളത്തിൽ സി.പി.എമ്മിന്റെ നിലപാട്. ആശയഗതികളിൽ മാറ്റം വരുത്തിയും പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുകയെന്ന പ്രായോഗിക രാഷ്ട്രീയം മാത്രമാണ് അതിന്റെ അന്തഃസത്ത. സങ്കീർണമായ ഈ സാഹചര്യത്തിൽ മതത്തെ കൂടെ നിർത്തിയല്ലാതെ പാർലമെന്ററി ജനാധിപത്യത്തിൽ പിടിച്ചു നിൽക്കാനാകില്ലെന്ന യാഥാർഥ്യമാണ് സി.പി.എമ്മിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
മാർക്‌സിസ്റ്റ് പാർട്ടിയുടെ താത്വിക ചിന്താവേദികളിൽ ഏറെ പ്രാധാന്യത്തോടെ പരിഗണിച്ചു വരുന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന് മലപ്പുറത്ത് കഴിഞ്ഞ ദിവസം സമാപനമായി.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്വികാചാര്യരിൽ പ്രധാനിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിനെ സ്മരിച്ചുകൊണ്ട് വർഷം തോറും മലപ്പുറം സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ഈ സെമിനാർ ഇത്തവണ കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലക്കാരനായ ഇ.എം.എസിനെ അനുസ്മരിക്കാൻ മലപ്പുറം തന്നെയാണ് ഉചിതമായ വേദിയെന്ന് ഈ സെമിനാറിൽ വർഷം തോറും പങ്കെടുക്കാനെത്തുന്ന പ്രതിനിധികളുടെ ബാഹുല്യം വ്യക്തമാക്കുന്നു.
സി.പി.എമ്മിന്റെ ആശയങ്ങളുടെ പ്രചാരണം എന്നതിനപ്പുറം, കാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ വിവിധ കോണുകളിൽ നിന്നുള്ള ചിന്താഗതികൾ അവതരിപ്പിക്കപ്പെടുന്ന വേദിയെന്ന നിലയിൽ ഇതിനകം തന്നെ ഈ സെമിനാർ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതര രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെ കൂടി പ്രഭാഷകരായി ക്ഷണിക്കുന്ന വേദി കൂടിയാണിത്. സെമിനാറിൽ പങ്കാളികളാൻ എത്തുന്നവരിൽ വിവിധ രാഷ്ട്രീയ ചിന്താഗതിക്കാർ ഉണ്ടെന്നതും ഈ പരിപാടിയുടെ ബഹുസ്വരതയെ വെളിപ്പെടുത്തുന്നു.
കമ്യൂണിസ്റ്റ് സമീപനങ്ങളിലൂടെ സമകാലിക വിഷയങ്ങളെ വിശകലനം ചെയ്യുകയെന്നതാണ് സെമിനാറിന്റെ മുഖമുദ്ര. അതുകൊണ്ടു തന്നെ സെമിനാറിലെ പ്രധാന പ്രഭാഷകരെല്ലാം സി.പി.എം നേതാക്കളാണ്. അതേസമയം, കേവലമായ അങ്ങാടി രാഷ്ട്രീയമല്ല അവർ അവിടെ അവതരിപ്പിക്കാറുള്ളതെന്ന് മാത്രം. മാറുന്ന ലോകക്രമത്തിന്റെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്യാറുള്ളത്. അത് എത്രമാത്രം വിജയകരമാണെന്നും ഇനിയുമെങ്ങനെ മെച്ചപ്പെടുത്താമെന്നുമുള്ള നിർദേശങ്ങളും ഉയർന്നു വരുന്നു. സാധാരണയായി സംസ്ഥാനം ഇടതുമുന്നണി ഭരിക്കുമ്പോൾ മുഖ്യമന്ത്രി ഈ സെമിനാറിൽ പ്രധാന ചടങ്ങിൽ പങ്കെടുക്കാറുണ്ട്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ യാത്രയിലായതിനാൽ എത്തിയില്ല. മാർക്‌സിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാക്കളും പങ്കെടുത്തു വരുന്ന ചടങ്ങാണിത്.
ദേശീയ തലത്തിൽ ബി.ജെ.പിയും ആർ.എസ്.എസും ഉയർത്തുന്ന വെല്ലുവിളികളാണ് ഇത്തവണയും പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തതെങ്കിലും ഇന്ത്യയിൽ ഹൈന്ദവ ഫാസിസം ഉയർത്തുന്ന വെല്ലുവിളികൾ എല്ലാ വേദികളിലും പ്രധാന ചർച്ചയായി മാറി.
ഇന്ത്യൻ ജനാധിപത്യത്തിൽ മതം വരുത്തുന്ന മാറ്റങ്ങൾ കൂടി താത്വികമായൊരു അവലോകനത്തിന് വിഷയമായാണ് ഇത്തവണത്തെ സെമിനാറിന് തിരശ്ശീല വീണത്. മതത്തെ കമ്യൂണിസ്റ്റുകാർ ഏത് രീതിയിലാണ് സമീപിക്കേണ്ടതെന്ന നിലപാടും ഇവിടെ ഉയർന്നു വന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായിക്കൊണ്ടിരിക്കുന്ന ചിന്താമാറ്റങ്ങളെ കുറിച്ചാണ് സംസാരിച്ചത്. മതത്തെയോ ദൈവവിശ്വാസത്തെയോ തള്ളിപ്പറയുക എന്നത് നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന ധാരണ മാർക്‌സിസ്റ്റുകൾക്കുണ്ടെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ വിശദീകരണം. ഇന്ത്യൻ പരിതഃസ്ഥിതിയിൽ മതം ഇപ്പോൾ അവസാനിപ്പിക്കപ്പെടുമെന്ന് കരുതുന്നില്ല. മതത്തിന്റെ ഭാഗമാകാൻ മനുഷ്യരാരും ഇല്ലാതാവുമ്പോൾ പിന്നെ മതമുണ്ടാവില്ല. എല്ലാ മതത്തിലും പെട്ടവർക്ക് അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിച്ച് മുന്നോട്ടു പോവാൻ സാധിക്കണം എന്നതാണ് ഇന്ത്യയുടെ വർത്തമാന സാഹചര്യത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യം. ഇതായിരുന്നു എം.വി. ഗോവിന്ദന്റെ പ്രഭാഷണത്തിന്റെ രത്‌നച്ചുരുക്കം.
മതങ്ങളോട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ നിലപാട് പുതിയതല്ല. എന്നാൽ പാർട്ടി സെക്രട്ടറി അത് വീണ്ടും ആവർത്തിച്ച് പറയുമ്പോൾ പാർലമെന്ററി ജനാധിപത്യത്തിൽ മതങ്ങളെ കമ്യൂണിസ്റ്റുകാർ പോലും കൂടുതൽ കൂടുതൽ അംഗീകരിച്ചുവരികയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഒരു കാലത്ത് മതവും കമ്യൂണിസ്റ്റുകാരും ഒരിക്കലും കൂട്ടിമുട്ടാത്ത പാളങ്ങളായിരുന്നു. ഇന്ത്യയിൽ മതവും ജാതിയും നിലനിൽക്കുന്നിടത്തോളം കമ്യൂണിസ്റ്റ് പാർട്ടിക്ക് വളർച്ചയുണ്ടാകില്ലെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞത് വിശ്വ കമ്യൂണിസ്റ്റ് ആചാര്യനായ എംഗൽസാണ്. അവിടെ നിന്ന് ഇന്ത്യ ഏറെയൊന്നും മാറിയിട്ടില്ലെന്നതിനാൽ, കമ്യൂണിസ്റ്റ് നിലപാടിൽ മാറ്റം വരുത്തുകയെന്നത് മാത്രമാണ് അവർക്ക് മുന്നിലുള്ള വഴി. പ്രായോഗിക രാഷ്ട്രീയത്തിൽ, പാർലമെന്ററി ജനാധിപത്യത്തിൽ ഇടം ലഭിക്കണമെങ്കിൽ മതമുൾപ്പെടെയുള്ള വോട്ട് ബാങ്കുകളെ കൂടെ നിർത്തണമെന്നതാണ് മാറുന്ന കാലത്തെ തിരിച്ചറിവ്. മതത്തെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്ന കാലത്ത് നിന്ന് ആരാധനാലയങ്ങളുടെ ഭരണ സമിതികളെ നിയന്ത്രണത്തിലാക്കുന്ന വഴിയിലേക്ക് സി.പി.എം വർഷങ്ങൾക്ക് മുമ്പേ മാറിയിരുന്നു. എന്നാൽ സമകാലീന സാമൂഹിക വ്യവസ്ഥിതിയിൽ മതങ്ങളെ തള്ളിപ്പറയേണ്ടതില്ലെന്നും അവർക്ക് ജനാധിപത്യപരമായ സംരക്ഷണം നൽകുകയെന്നതാണ് ആവശ്യമെന്നുമുള്ള നിലപാടിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. അതായത്, മതവിശ്വാസികളുടെ സംരക്ഷകരാകുകയാണ് പാർട്ടിയുടെ പുതിയ ദൗത്യമെന്ന നിലപാട് പാർട്ടി സെക്രട്ടറി വ്യക്തമാക്കിക്കഴിഞ്ഞു. ഈ നിലപാട് കുറച്ചുകാലമായി പ്രായോഗിക തലത്തിൽ മാർക്‌സിസ്റ്റ് പാർട്ടി നടപ്പാക്കി വരുന്നുമുണ്ട്. ദേശീയ പൗരത്വ നിയമത്തിനെതിരായ സമരത്തിൽ മുസ്‌ലിംകളെ ഒപ്പം നിർത്തി സമരത്തിനും പ്രതിരോധത്തിനും നേതൃത്വം കൊടുത്തത് ഇടതു സർക്കാരാണ്. സംരക്ഷണം ലഭിക്കേണ്ട വിഭാഗത്തിന്റെ മതം അവിടെ പ്രശ്‌നമല്ല.
മതത്തെ കൈകാര്യം ചെയ്യുന്നത് കമ്യൂണിസ്റ്റ് ആശയപ്രകാരം സങ്കീർണമായൊരു വിഷയമാണ്. മതമില്ലെന്നും ദൈവമില്ലെന്നും പറഞ്ഞു പഠിച്ച തലമുറകളിലൂടെയാണ് ആ പാർട്ടി വളർന്നത്. നിരന്തരമായ പോരാട്ടങ്ങളിലൂടെ മതങ്ങളെ ഇല്ലാതാക്കാമെന്നും ആരാധനാലയങ്ങൾ ആവശ്യമില്ലാതാകുമെന്നുമുള്ള പ്രതീക്ഷ അടുത്ത കാലം വരെ അവർ പുലർത്തിയിരുന്നു. എന്നാൽ എംഗൽസ് ആശങ്കപ്പെട്ടതു പോലെ, ഇന്ത്യൻ സാമൂഹികാവസ്ഥയിൽ മതം കൂടുതൽ കരുത്തു നേടുന്നതാണ് കണ്ടത്. ബി.ജെ.പിയെ പോലുള്ള മതകേന്ദ്രീകൃത പാർട്ടികളുടെ വളർച്ച കമ്യൂണിസ്റ്റ് പ്രതീക്ഷകളെ കുറച്ചൊന്നുമല്ല തകർക്കുന്നത്. സങ്കീർണമായ ഈ സാഹചര്യത്തിൽ മതത്തെ കൂടെ നിർത്തിയല്ലാതെ പാർലമെന്ററി ജനാധിപത്യത്തിൽ പിടിച്ചു നിൽക്കാനാകില്ലെന്ന യാഥാർഥ്യമാണ് സി.പി.എമ്മിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി മലബാറിൽ മുസ്‌ലിം സമുദായവുമായി സി.പി.എം പുലർത്തുന്ന രാഷ്ട്രീയ ബന്ധം ഈ മാറ്റത്തിന്റെ തെളിവാണ്.
ദേശീയ തലത്തിൽ ഈ തിരിച്ചറിവുണ്ടാക്കുന്നതിന് അവർക്ക് നേതൃപരമായ പല തടസ്സങ്ങളുമുണ്ട്. മതങ്ങളുമായുള്ള ബന്ധത്തിന് താത്വികമായൊരു വിശദീകരണം നൽകി പിടിച്ചു നിൽക്കുകയെന്നതാണ് കേരളത്തിൽ സി.പി.എമ്മിന്റെ നിലപാട്. ആശയഗതികളിൽ മാറ്റം വരുത്തിയും പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുകയെന്ന പ്രായോഗിക രാഷ്ട്രീയം മാത്രമാണ് അതിന്റെ അന്തഃസത്ത.