ഭോപ്പാൽ- കഴുത്തിൽ പട്ട കെട്ടി നായയെ പോലെ മുട്ടിൽനിന്ന് കുരയ്ക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സംഭവത്തിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. മൂന്നു പേരെ തിങ്കളാഴ്ചയും ബാക്കി മൂന്ന് പേരെ ഇന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി സാഹിൽ, സഹായികളായിരുന്ന ഫൈസാൻ, സമീർ എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബാക്കി പ്രതികളെ കൂടി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. യുവാവിനെ മർദിക്കുകയും പട്ടിയെ പോലെ കുരക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് മധ്യപ്രദേശ് പോലീസ് നടപടി സ്വീകരിച്ചത്.
സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് പ്രതികൾ യുവാവിനെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. കഴുത്തിൽ കെട്ടിയ പട്ടയിൽ ഒരാൾ പിടിച്ചുനിന്നപ്പോൾ മറ്റുള്ളവർ യുവാവിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുന്നതാണ് വീഡിയോ.
വീഡിയോയെ കുറിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ഭോപ്പാൽ പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ട മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഇത്തരം സംഭവങ്ങൾ ഒരിക്കലും പൊറുപ്പിക്കാനാവില്ലെന്ന് പ്രസ്താവിച്ചിരുന്നു. സാഹിലും സഹായികളും ചേർന്ന് യുവാവിന് മയക്കുമരുന്ന് നൽകുകയും മാംസം തീറ്റിക്കുകയും മതംമാറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്ന് യുവാവിന്റെ ബന്ധുക്കൾ പറയുന്നു. സ്വന്തം വീടിന്റെ തറ നക്കാനും പ്രതികൾ നിർബന്ധിച്ചിരുന്നുവെന്നും സഹോദരൻ പോലീസിനെ സമീപിച്ചപ്പോൾ കേസെടുക്കാൻ തയാറായിരുന്നില്ലെന്നും അവർ പറയുന്നു. ഇര തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയിരുന്നത്. അതേസമയം എല്ലാ ആരോപണങ്ങളും പ്രതികളുടെ ബന്ധുക്കൾ നിഷേധിച്ചു.