ന്യൂദല്‍ഹി - സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ തല്‍ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം തീരുമാനിച്ചു.
മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് തുടരട്ടേയെന്നും സ്ഥിതിഗതികള്‍ വീക്ഷിക്കാമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. മണിപ്പിരിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോഡി അമിത് ഷായുമായും ജെ പി നഡ്ഡയുമായും സംസാരിച്ചിരുന്നു. തിടുക്കത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടിലേക്ക് ഇവര്‍ എത്തുകയായിരുന്നു. പ്രതിപക്ഷത്തിന് പിന്നാലെ മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദല്‍ഹിയിലെത്തിയിരുന്നു. അതേസമയം കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കുക്കി വിഭാഗങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണെന്ന് മെയ്തി വിഭാഗം പരസ്യമായി ആരോപിക്കുകയും ചെയ്തു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബി ജെ പി കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിയിലാകുകയായിരുന്നു.