ന്യൂദല്‍ഹി- 2016ലെ നോട്ടു നിരോധനത്തിനു ശേഷം പുതിയ നോട്ടുകള്‍ രാജ്യത്തുടനീളം വേഗത്തില്‍ വിതരണം ചെയ്യാന്‍ ഇന്ത്യന്‍ വ്യോമ സേനയുടെ അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിച്ച വകയില്‍ സര്‍ക്കാര്‍ സേനയ്ക്കു നല്‍കിയ 29.41 കോടി രൂപ. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ നോട്ടു ക്ഷാമം പരിഹരിക്കാനാണ് വ്യോമ സേനയുടെ അത്യാധുനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-17, മ-130 ജെ സൂപ്പര്‍ ഹെര്‍ക്കുലെസ് വിമാനങ്ങള്‍ ഉപയോഗിച്ച് പുതിയ നോട്ടുകള്‍ വിതരണം ചെയ്തത്.
2000, 500 രൂപയുടെ പുതിയ നോട്ടുകള്‍ രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലെത്തിക്കാന്‍ ഈ വിമാനങ്ങള്‍ 91 പറക്കലുകളാണ് നടത്തിയത്. നോട്ട് അച്ചടക്കുന്ന കേന്ദ്രങ്ങളില്‍ നിന്ന് വിവിധ കറന്‍സ് ശേഖര കേന്ദ്രങ്ങളിലേക്കായിരുന്നു യാത്രകള്‍. ഇതിനായി 29.41 കോടി രൂപയാണ് സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി ആന്റ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഭാരതീയ് റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് വ്യോമ സേന ബില്ലിട്ടത്. മുന്‍ വ്യോമ സേന ഉദ്യോഗസ്ഥനായ ലോകേഷ് ബത്ര വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഈ കണക്കുകള്‍ ലഭിച്ചത്.
മറ്റു വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാമെന്നിരിക്കെ സൈനിക വിമാനങ്ങള്‍ ഈ ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടു നിരോധനത്തിനു മുമ്പായി സര്‍ക്കാര്‍ ആവശ്യമായ ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നുവെന്നും ബത്ര പറഞ്ഞു.
നോട്ടു നിരോധിച്ച ശേഷം പുതിയ നോട്ടുകളുടെ അച്ചടിക്കായി റിസര്‍വ് ബാങ്ക് 7,965 കോടി രൂപയാണ് 2000,500 പുതിയ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ അച്ചടിക്കായി 2016-17 വര്‍ഷം ചെലവിട്ടത്. 2015-16-ല്‍ ഇത് 3,421 കോടി രൂപയായിരുന്നു.