Sorry, you need to enable JavaScript to visit this website.

ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നുമാസമായില്ല, ലൈഫ് ഫ്‌ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു

കോട്ടയം -  ഉദ്ഘാടനം നടത്തി മൂന്നുമാസത്തിനുള്ളില്‍  ലൈഫ് ഫ്‌ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. വിജയപുരം പഞ്ചായത്തിലെ പൊന്‍പള്ളി വാര്‍ഡിലെ ഫ്‌ളാറ്റിലെ താമസക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. 44 യൂണിറ്റുകളുള്ള ഭവനസമുച്ചയമാണിത്.42 എണ്ണത്തിലായി 28 കുടുംബങ്ങളാണ് ഇതില്‍ താമസത്തിക്കുന്നത്. നാലു നിലകളുള്ള ഫ്‌ളാറ്റിന്റെ മൂന്ന്, നാല് നിലകളിലാണ് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ എട്ടിന് സംസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച നാല് ലൈഫ് ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നാണിത്. രണ്ടാഴ്ചകള്‍ക്കു മുമ്പ് ചോര്‍ച്ച സംബന്ധിച്ച പരാതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറും ലൈഫ് മിഷന്‍ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പെയ്ത മഴയില്‍ ഫ്‌ളാറ്റുകള്‍ ചോര്‍ന്നൊലിച്ചെന്ന് താമസക്കാര്‍ കുറ്റപ്പെടുത്തി. പ്രീ ഫ്രാബിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഭിത്തി വെള്ളമിറങ്ങി പെയിന്റിളകിയ അവസ്ഥയിലാണ്. ഭിത്തി ചോര്‍ന്ന് കിടപ്പുമുറി വരെ വെള്ളക്കെട്ടായെന്ന് അവര്‍ പറഞ്ഞു.

ഇടനാഴികളില്‍ വെള്ളക്കെട്ടുണ്ടാകുകയും ലൈറ്റുകള്‍ നശിക്കുകയും ചെയ്തു. വാഷ് ബേസിനില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനംപോലും ഇല്ല. കൂടാതെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും പരാതിയുണ്ട്. വിവരം പുറത്തുവന്നതോടെ ഇന്നലെ ലൈഫ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നുതന്നെ പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും ഫ്‌ളാറ്റ് സന്ദര്‍ശിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. 5.70 കോടി രൂപ ചെലവില്‍ നിര്‍മിച്ച പദ്ധതിയിലെ ക്രമക്കേടുകളില്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗ്രാമപഞ്ചായത്തിന്റെ 55.80 സെന്റ് ഭൂമിയിലാണ് 26328 ചതുരശ്രയടിയുള്ള സമുച്ചയം നിര്‍മിച്ചിട്ടുള്ളത്.

 

Latest News