1984- മലപ്പുറം പരപ്പനങ്ങാടി.
ഇശലിന്റെ ഈരടികൾ കൊണ്ട് രാവിനെ രാഗാർദ്രമാക്കി ഹനീഫ എന്ന പതിമൂന്നുകാരൻ പാടുകയാണ്. പാട്ടിന്റെ മാധുര്യത്തിൽ ആസ്വാദകർ ലയിച്ചമർന്ന നിമിഷം.
നിർത്തെടാ.....വേദിക്ക് മുമ്പിൽ നിന്ന് ഒരട്ടഹാസം. കൺമുമ്പിൽ വല്യുപ്പ.
ഹനീഫയുടെ ചുണ്ടിൽ തത്തിക്കളിച്ച ഗാനത്തിന് ഇടർച്ച, പാട്ട് കണ്ണീരിൽ കുതിർന്നു. പാടിത്തീരും മുമ്പേ ഹനീഫയേയും പിടിച്ചുകൊണ്ട് വല്യുപ്പ ആൾക്കൂട്ടത്തിലൂടെ നടന്നു.
2018- സൗദിയിലെ ജുബൈൽ
മരുഭൂമിയുടെ ഊഷരതയിലേക്ക് ആർദ്രമായ സൂഫി സംഗീതം പെയ്തിറങ്ങിയ രാവ്. പൊതു വേദികളിൽ ഖവാലിയും ഗസലും അവതരിപ്പിക്കാൻ സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ആദ്യാവസരം കൈവന്ന മുഹൂർത്തം.
പരപ്പനങ്ങാടിയിൽ നിന്ന് വല്യുപ്പ പിടിച്ചിറക്കി കൊണ്ടുവന്ന പതിമൂന്നുകാരന് ഇന്ന് പ്രായം 47. അതെ, ഇത് ഉസ്ദാത് ഹനീഫ താനൂർ.
ഹനീഫയുടെ ആലാപന ശ്രുതിമാധുരിയിൽ ലയിച്ചിരിക്കുകയാണ് സദസ്സ്. പാടിത്തീർന്നപ്പോൾ ചേർത്തുപിടിക്കാൻ ആസ്വാദകരുടെ തിരക്ക്..ആ തിരക്കിലേക്ക് പുഞ്ചിരി തൂകി ഹനീഫ നടന്നു....
മഴ മാറിന്ന പകലിൽ താനൂരിലെ വീട്ടിലിരുന്ന് ഹാർമോണിയത്തിൽ വിരൽ മീട്ടി ഖവാലി-ഗസൽ ഗായകൻ ഉസ്താദ് കെ.എച്ച് താനൂർ (താനൂർ ഹനീഫ) തന്റെ പാട്ടുജീവിതത്തിലേക്ക് നടന്നുകയറി. ഹനീഫയുടെ ഗസലും ഖവാലിയും നിറഞ്ഞ ജീവിതം തുടങ്ങുന്നത് ഇങ്ങനെയാണ്.
ഇശലു പാടിയതിന് വേദിയിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുവന്ന കുടുംബം ഹനീഫയുടെ ഖവാലിക്കായി ഇന്ന് കാത്തിരിക്കുന്നു. ഇരുപത് വർഷത്തിലേറെയായി പ്രവാസ ജീവിതത്തിനിടയിലും സൂഫി സംഗീതത്തിനായി ജീവിതം ഉഴിഞ്ഞിടുകയാണ് താനൂർ കുഞ്ഞലകത്ത് ഹനീഫ എന്ന കെ.എച്ച്. ഹനീഫ.
താനൂരിലെ പാട്ടുകാരൻ
താനൂരിൽ ഗായക സംഘങ്ങൾ ഏറെയുണ്ടായിരുന്നു. അവർക്കിടയിലെ സന്ദർശകനായതോടെയാണ് ഗായകനാകണമെന്ന മോഹമുണ്ടായത്. ഉമ്മയുടെ സഹോദരൻ അബ്ദുൽ ഖാദർ പാടുമായിരുന്നു. താനൂർ ലയൺസ് ക്ലബ്ബിന്റെ പരിപാടിയിൽ പാടാനുള്ള അവസരം കൈവരുന്നത് അങ്ങനെയാണ്. പിന്നീടാണ് എടരിക്കോട് ടി.പി. ആലിക്കുട്ടി ഗുരുക്കളുടെ അടുത്തെത്തുന്നത്. അതൊരു വഴിത്തിരിവായിരുന്നു. പെട്ടി വായിച്ച് പാടാൻ പഠിച്ചത് അങ്ങനെയാണ്. പ്രവാചകനെ കുറിച്ചുള്ള ഗാനമാണ് ആദ്യമായി പാടിയത്. ടി.പി. ആലിക്കുട്ടി ഗുരിക്കൾ അന്ന് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ഇതോടെ താനൂരിൽ നിന്ന് സമീപ പ്രദേശങ്ങളിൽ പോയി പാടാൻ കൂടി കഴിഞ്ഞു.
പാട്ടുപാടി ഊരു ചുറ്റുന്നത് വീട്ടിൽ വലിയ പ്രശ്നമായി. പിതാവ് അക്കാലത്ത് വിദേശത്തായിരുന്നു. ഞങ്ങളുടെ നിയന്ത്രണം ഉമ്മയിലും ഉമ്മയുടെ സഹോദരങ്ങളിലുമാണ്. ഉമ്മയുടെ സഹോദരനെ വല്ല്യുപ്പ എന്നാണ് വിളിച്ചിരുന്നത്. വീട്ടിൽ പറയാതെ പരപ്പനങ്ങാടിയിൽ വലിയ ജനത്തിനു മുമ്പിൽ പാടിക്കൊണ്ടിരിക്കുമ്പോഴാണ് വല്യുപ്പ പാടുന്ന വേദിയിൽ നിന്ന് എന്നെ പിടിച്ചിറക്കി കൊണ്ടുപോയത്. എന്നാൽ ഗായകനാവുക എന്ന എന്റെ മോഹം ഞാൻ ഉപേക്ഷിച്ചില്ല.
ആലപ്പി ഷെരീഫിന്റെ ശിഷ്യത്വം
പാടുന്നതോടൊപ്പം സംഗീത ഉപകരണങ്ങൾ കൂടി പഠിക്കാനും അന്ന് താൽപര്യം കാണിച്ചിരുന്നു. അതിന് വേണ്ടി സംഗീത ഉപകരണങ്ങൾ തലച്ചുമടായി വേദിയിലെത്തിക്കാനും മടി കാണിച്ചിരുന്നില്ല. വാഹനങ്ങളിൽ ട്രൂപ്പ് സഞ്ചരിക്കുന്നത് കുറവായിരുന്നു. ഇതിനിടയിലാണ് ആലപ്പി ഷെരീഫ് സംഗീത ഉപകരണങ്ങൾ പഠിപ്പിക്കാനായി താനൂരിലെത്തിയത്. എന്റെ ഇഷ്ടത്തിന് പിന്നീട് കുടുംബവും അനുകൂലിച്ചു.
ഹാർമോണിയം, തബല തുടങ്ങിയ വാദ്യോപകരണങ്ങൾക്ക് പുറമെ രാഗങ്ങളെക്കുറിച്ചും പഠിക്കാൻ ഇതോടെ കഴിഞ്ഞു. ഇന്ന് ഏതു പാട്ടു കേട്ടാലും അത് ഏത് രാഗമാണെന്ന് പറയാൻ കഴിയുന്നതും ആലപ്പി ഷെരീഫിന്റെ ശിഷ്യത്വം കൊണ്ട് മാത്രമാണ്. ചാവക്കാട് റഹ്മാൻ, എം.എ. അസീസ്, പി.എസ് പരപ്പനങ്ങാടി തുടങ്ങിയവരുടെ സംഘത്തിലെല്ലാം പ്രവർത്തിക്കാനുമായി. മലപ്പുറം ജില്ലക്ക് പുറത്തും ഇതോടെ പാടാനും പെട്ടി വായിക്കാനും കഴിഞ്ഞു.
വടകര റെയിൽവേ സ്റ്റേഷനിലെ ഗായകൻ
ജീവിതത്തിൽ ഇന്നും പൊള്ളുന്ന ഓർമയാണ് വടകര റെയിൽവേ സ്റ്റേഷനിലെ അനുഭവം. ഓരോ യാത്രകളിലും റെയിൽവേ സ്റ്റേഷനിൽ ദിക്കും ദേശവുമറിയാതെ ഹാർമോണിയപ്പെട്ടിയുമായി നിൽക്കുന്ന കൗമാരക്കാരൻ മിന്നിമറിയാറുണ്ട്. വേദികളിൽ പാടിക്കൊണ്ടിരിക്കുന്ന ബാല്യകാലത്താണ് ഒരിക്കൽ കാസർകോട്ട് പ്രോഗ്രാമിന് ക്ഷണം കിട്ടുന്നത്. രാത്രി 11 മണിയോടെയാണ് പ്രോഗ്രാം. രാവിലെ എന്നെ തിരൂരിൽ തീവണ്ടിയിൽ കാസർകോട്ടേക്ക് കയറ്റിവിട്ടു. എന്നിട്ട് വടകരയിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു. വടകരയിൽ ശ്രീധരൻ എന്ന ആളുടെ കൂടെ കാസർകോട്ടേക്ക് പോരാനായിരുന്നു തീരുമാനം. ജീവിതത്തിൽ ആദ്യമായുളള തീവണ്ടി യാത്രയാണ്. ഹാർമോണിയപ്പെട്ടി ചേർത്ത് പിടിച്ച് ഞാൻ വടകര റെയിൽവേസ്റ്റേഷനിൽ ഇറങ്ങി.
മണിക്കൂറുകൾ കഴിഞ്ഞു, പ്രതീക്ഷിച്ചിരിക്കുന്ന ശ്രീധരൻ എത്തിയിട്ടില്ല. ഹാർമോണിയപ്പെട്ടിയുമായി ഞാൻ സ്റ്റേഷനിൽ ഇരുന്നു. തെരുവ് ഗായകനാണെന്ന് കരുതി പലരും ചില്ലറ പൈസ തന്നു കൊണ്ടിരിന്നു. എനിക്ക് കരച്ചിൽ വന്നു. കയ്യിൽ പണമില്ല. അറിയാത്ത നാട്. റെയിൽവേ സ്റ്റേഷനു സമീപത്താണ് ശ്രീധരന്റെ വീട് എന്ന് അറിയാം. ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങി നടന്നു. കത്തുന്ന വെയിലിൽ ഹാർമോണിയപ്പെട്ടി തലയിലേന്തി ശ്രീധരന്റെ വീട്ടിലെത്തി. എന്നാൽ അയാളെ കണ്ടില്ല. വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. നേരം ഇരുട്ടുന്നു. കണ്ണിൽ ഇരുട്ട് കയറുന്നു. ഞാൻ കരയാൻ തുടങ്ങി. ആളുകൾ ചുറ്റും കൂടി. ഇതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്ന് രണ്ടുപേർ മുമ്പിൽ നിൽക്കുന്നു. ശ്രീധരനും തന്നെ കാത്തിരിക്കുന്നയാളുമാണ് മുമ്പിൽ. അവർ എന്നെ ചേർത്ത് പിടിച്ച് കാസർകോട്ടേക്ക് കൊണ്ടുപോയി.
നാട്ടിൽ എന്നെ കാണാതായ വിവരം കാട്ടുതീപോലെ പടർന്നിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിലടക്കം എന്നെ അന്വേഷിച്ച് നടന്ന കഥ പിന്നീടാണ് അറിയുന്നത്. പ്രോഗ്രാം നടക്കുന്ന കാസർകോട്ടും പ്രശ്നങ്ങളുണ്ടായി. കാണികൾ പ്രോഗ്രാം തുടങ്ങാത്തതിൽ കലിപൂണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഞാൻ സദസ്സിന് മുമ്പിൽ പാടിയത്. ക്ഷുഭിതരായ ആൾക്കൂട്ടം സംഗീതത്തിൽ അക്ഷമരായി ലയിക്കുന്നതാണ് പിന്നീട് കണ്ടത്.
സൂഫി സംഗീതവും ഖവാലിയും
പാട്ടുജീവിതം എനിക്ക് തന്ന സമ്പാദ്യം സംഗീതത്തെ സ്നേഹിക്കുന്ന കുറെ മനുഷ്യരുമായി സംവദിക്കാൻ കഴിഞ്ഞുവെന്നുളളതാണ്. ആർപ്പുവിളികളില്ലാത്ത സംഗീത വിരുന്നുകൾ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. കോഴിക്കോട് പെരുവയൽ സൂഫി വര്യൻ ഹബീബ്-ഷാ സുഹൂരി നൂരി എന്ന മഹാനെ കാണുന്നതോടെയാണ് എന്റെ പാട്ടുജീവിതം മറ്റൊരു വഴിയിലേക്ക് തിരിഞ്ഞത്. സിൽസില നൂരിയ്യ ത്വരീഖത്തുമായി അടുക്കാനും ഇതു വഴിയായി.
സ്വന്തമായി എഴുതി ട്യൂൺ നൽകിയ ഖവാലി മെഹ്ഫിലുകൾക്ക് പിന്നീട് തിരക്കേറി. നിരവധി പൗരപ്രമുഖരുടെ മുമ്പിൽ മണിക്കൂറുകളോളം പാടാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. ചിഷ്തി ഖദീരി നൂരിഷാ ത്വരീഖത്തിന്റെ ആചാര്യൻ സയ്യിദ് ശൈഖ് ആരിഫുദ്ദീൻ ജീലാനി ഹൈദരാബാദിയുടെ ഹൈദരാബാദിലെ ദർബാറിൽ പാടാൻ അവസരം കൈവന്നത് ഒരു നിമിത്തമായി കരുതുന്നു. ശൈഖിനെ കാണാനായി ചെന്നതായിരുന്നു. അപ്പോഴാണ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പാടാനെത്തിയ വലിയ ഗായകരെ കണ്ടത്. എങ്കിലും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി പാടി. അന്ന് മികച്ച ഗായകനായി അംഗീകരിക്കപ്പെട്ടതിൽ ഏറെ സന്തോഷം. കേരളത്തിന് അകത്തും പുറത്തുമായി നൂറിലേറെ വേദികളിൽ പാടാനായിട്ടുണ്ട്.
ജീവിതം തേടി സൗദിയിലേക്ക്
ജീവിതം കരുപിടിപ്പിക്കാൻ 1997 ലാണ് സൗദി അറേബ്യയിലേക്ക് പോയത്. വിദ്യാഭ്യാസ മുന്നേറ്റം നടത്താനായില്ലെങ്കിലും സൗദി അറേബ്യയിലെ ജീവിതം ഭാഷകൾ പഠിക്കാനും കൂടുതൽ അറിവുകൾ നേടാനും ഭാഗ്യമുണ്ടാക്കി. അൽജുബൈൽ കെമനോൽ കമ്പനിയിലാണ് ജോലി. ജോലിയുടെ ഇടവേളയിലും അവധിക്ക് നാട്ടിലേക്ക് വരുമ്പോഴും സംഗീതോപാസന തുടർന്നു. അതുകൊണ്ട് തന്നെ വേദികൾ നിരന്തരം ലഭിച്ചുകൊണ്ടിരുന്നു.
സൗദിയിൽ നിന്നാണ് അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, തമിഴ് ഭാഷകൾ പഠിക്കുന്നത്. തമിഴ് പഠിക്കാൻ നിമിത്തമായത് ശെൽവരാജ് എന്ന തമിഴ്നാട്ടുകാരനെ പരിചയപ്പെട്ടത് മൂലമാണ്. ശെൽവരാജിന് എഴുത്തും വായനയും അറിയില്ല. അയാൾക്കുളള കത്തുകൾ കുടുംബത്തിൽ നിന്നുളള ആരെങ്കിലും എത്തിച്ചു വായിച്ച് കേൾപ്പിക്കുകയാണ് പതിവ്. ഇതിനിടയിൽ ശെൽവരാജിനെ തമിഴ് പഠിപ്പിക്കാൻ കുടുംബങ്ങൾ തീരുമാനിച്ചു. അക്കൂട്ടത്തിൽ ഞാനും കൂടി. ശെൽവരാജിനേക്കാൾ ഭാഷ പഠിക്കാൻ എനിക്കായിരുന്നു താൽപര്യം. ഞാൻ തമിഴ് വായിക്കാനും എഴുതാനും പഠിച്ചതോടെ ശെൽവരാജിനുള്ള തമിഴ് കത്തുകൾ വായിക്കുന്ന ചുമതല എനിക്കായി മാറി. അതു പിന്നീട് എന്റെ പാട്ടുജീവിതത്തിൽ വഴിത്തിരിവുണ്ടാക്കി.
പാട്ടിനായി ഉഴിഞ്ഞുവെച്ച ജീവിതം
നുസ്രത്ത് ഫത്തേഹ് അലിഖാൻ, റാഹത്ത് ഫത്തേഹ് അലിഖാൻ, സാബിരി ബ്രദേഴ്സ്, ഗുലാം അലി, മെഹ്ദി ഹസൻ തുടങ്ങിയ ലോകം കണ്ട ഖവാലി-ഗസൽ-സംഗീതോപാസകരാണ് ഇഷ്ടഗായകർ. ശുദ്ധ സംഗീതം ഒരു ഇബാദത്തായാണ് ഞാൻ കരുതുന്നത്. ഒരു ഗാനം ആലപിച്ചു തീരുമ്പോഴേക്കും ആസ്വാദകന്റെയുളളിൽ ഭക്തി കുടിയിരുത്തപ്പെടും. അതാണ് സൂഫി സംഗീതത്തിന്റെ കഴിവ്. ആർഭാടങ്ങളും ബഹളങ്ങളുമില്ലാത്ത വേദികളിൽ പെയ്തിറങ്ങുമ്പോഴാണ് സംഗീതം മനുഷ്യനെ മാറ്റിമറിക്കുന്നത്.
സ്വന്തമായി ഗാനങ്ങൾ എഴുതി പാടാൻ ശ്രമിക്കുന്നു. ഇരുനൂറിലധികം ഗാനങ്ങൾ ഇതിനകം എഴുതാൻ കഴിഞ്ഞു. താജുദ്ദീൻ വടകരയെപ്പോലെ ഇന്നത്തെ മാപ്പിളപ്പാട്ടുകാർ പാട്ടെഴുതിത്തരണമെന്നാവശ്യപ്പെട്ട് വരാറുണ്ട്. സമയം കിട്ടുമ്പോൾ എഴുതി നൽകുകയും ചെയ്യും. ഇന്ന് പാട്ടുജീവിതം കൂടെയുളളവർക്കുളള ജീവതോപാധിയായിട്ടാണ് കാണുന്നത്. കിട്ടുന്ന തുക അവർക്ക് വീതിച്ചു നൽകും. വർഷത്തിൽ നാലു തവണയെങ്കിലും ലീവിന് നാട്ടിലെത്തുന്നതും ഖവാലി മെഹ്ഫിലുമായി സഞ്ചരിക്കാനാണ്. സഹോദരൻ നാസർ അടക്കം ഖവാലിയിൽ പാടാറുമുണ്ട്. ഒട്ടുമിക്ക സദസ്സിന് മുമ്പിലും ഒരു ആസ്വാദകനായി പിതാവ് മുഹമ്മദലിയുമുണ്ടാകും. മകൻ ഹാർമോണിയത്തിലും തബലയിലും പരിശീലിക്കുന്നുണ്ട്. കുടുംബം തരുന്ന പ്രോൽസാഹനവും ധൈര്യവുമാണ് ജീവിതത്തിലെ വലിയ വിജയം.
സൗദിയിൽ വെച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് പാടി. പാട്ട് കഴിഞ്ഞ് എന്നെ ചേർത്തു പിടിച്ച് ഉപഹാരം നൽകിയത് മകൻ മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു.
നിരവധി വേദികളിൽ തങ്ങളുടെ മനസ്സിനെ ആത്മീയ വഴിയിലൂടെ നടത്തിയതിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. താനൂർ കുഞ്ഞലകത്ത് മുഹമ്മദലി-ആയിഷക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് ഹനീഫ താനൂർ. ഭാര്യ റുഖിയ. മക്കൾ: ഹയാസ്, ജമാൽ ഷാഹ്, നൂറ, ഹുസ്നിഫ്.
സഹോദരങ്ങൾ: സുബൈദ, ജാഫർ, സൈനമോൾ, നാസർ (ഗായകൻ), സൈനുൽ ആബിദ്, സൈഫുദ്ദീൻ (ഇരുവരും സൗദി), ഫാത്തിമ.