Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കുവേണ്ടി ജീവിച്ചു മരിച്ച ബാപ്പു ഇത്തിരി കരുണയെങ്കിലും അർഹിക്കുന്നുണ്ട്.

മഹാത്മാഗാന്ധി സമാധാനസമ്മാനം ഗോരഖ്പൂരിലെ ഗീതാ പ്രസ്സിന്!  ഗാന്ധിജിയെ ഇങ്ങനെ അവഹേളിക്കുന്നതിലും ഭേദം ഈ അവാർഡിന്റെ പേര് മാറ്റി ഗോഡ്സെയുടെ  പേര് നൽകുന്നതായിരുന്നു! 
കാരണം, ഗാന്ധി വധത്തെത്തുടർന്ന് രാജ്യമെമ്പാടും അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുമഹാസഭാ പ്രവർത്തകരിൽ രണ്ടു പേർ ഗീതാ പ്രസ്സിന്റെ ഉടമസ്ഥർ ആയ   ഹനുമാൻ പ്രസാദ് പൊദ്ദാറും,ജയ് ജയാൽ ഗോയങ്കയും ആയിരുന്നു! അക്കാലത്ത് ഇവരുടെ സുഹൃത്തായിരുന്ന ജി. ഡി. ബിർല  ഗീതാ പ്രസ്സിനെ ഇങ്ങനെ വിശേഷിപ്പിച്ചു- 'ഇവർ പ്രചരിപ്പിക്കുന്നത് സനാധനധർമ്മം അല്ല ശെയ്താൻ ധർമം ആണ്' .മാത്രമല്ല, ഗീത പ്രസ്സ് ഗാന്ധി വധത്തെകുറിച്ചു ഒരക്ഷരം എഴുതിയില്ല. സമ്പൂർണ്ണമൗനം. അക്ഷയ മുകുൾ എഴുതിയ 'Gita Press and The making of Hindu India'എന്ന അതിഗംഭീരമായ പുസ്തകത്തിൽ ഇതെല്ലാം വിശദമായി തെളിവ് സഹിതം എഴുതിയിട്ടുണ്ട്.
ആ ഗീതാ പ്രസ്സിന്  ആണ് ഇന്ത്യൻ പ്രധാനമന്ത്രി അധ്യക്ഷൻ ആയ സമിതി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ബഹുമതിയായ ഗാന്ധി സമാധാന സമ്മാനം നൽകിയത് എന്നോർക്കണം! 
ബാപ്പു ജീവിതത്തിലൂടെയും മരണത്തിലൂടെയും അനശ്വരനായത്  എന്തിന് വേണ്ടിയാണോ ആ മൂല്യങ്ങളുടെ നേർവിപരീതമായ ധർമ്മമാണ്, 1923 ൽ രൂപീകരിക്കപെട്ടത് മുതൽ ഗീതാപ്രസ്സ് നിർവഹിക്കുന്നത്. ഹിന്ദുധർമ്മപുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുന്ന ഏറ്റവും വലിയ പുസ്തകശാല എന്ന് ലഘൂകരിക്കാവുന്നതല്ല ഗീതാ പ്രസ്സിന്റെ ചരിത്രം. സ്ഥാപകരായ ഹനുമാൻ പ്രസാദ് പൊദ്ദാറും, ജയ് ജയാൽ ഗോയങ്കയും, ഘനശ്യാമ ജലാനും ഗീതാപ്രസ്സിലൂടെ ചെയ്തത് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തിന് സാംസ്‌കാരികമായ അടിത്തറയിടുകയായിരുന്നു. 
അക്ഷയ മുകുൾ 'ഗീതാപ്രസിനെ വിശേഷിപ്പിക്കുന്നത് സംഘപരിവാറിന്റെ കാൽനട പ്രചാരകർ എന്നാണ്. മാത്രമല്ല, 1930 കളിൽ ഗാന്ധിജി അയിത്തോച്ചാടനവും, ക്ഷേത്രപ്രവേശനവും കൂടി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കിയതോടെ, പൊദ്ദാറും ഗീതാപ്രസ്സും ഗാന്ധിജിയുടെ ശക്തരായ വിമർശകർ ആയി.  അയിത്തം ശാസ്ത്രീയം ആണെന്ന് വരെ സജീവ ഹിന്ദു മഹാസഭ  പ്രവർത്തകൻ ആയിരുന്ന പൊദ്ദാർ എഴുതിയിട്ടുണ്ട്.
മണ്ടെലയെപ്പോലെ, ജൂലിയസ് നെരെരയെ പ്പോലെ, അരിയരത്‌നയെപ്പോലെ,ഡെസ്മണ്ട് ടുട്ടുവിനെപ്പോലെ, ബാബാ ആംതെയെപ്പോലുള്ളവർക്ക് നല്കപ്പെട്ടിരുന്ന ഗാന്ധി സമാധാനസമ്മാനം ഗീതാപ്രസിനെ പോലുള്ള ഒരു തീവ്രഹിന്ദു പ്രസിദ്ധീകരണശാലയ്ക്ക്,അതും 
ഗാന്ധി വധത്തിൽ മൗനം പാലിച്ച, ഗാന്ധി വധത്തിന് ശേഷം അറസ്റ്റു ചെയ്യപ്പെട്ട രണ്ടുപേരുടെ ഉടമസ്ഥതയിലുള്ള ഒരു സംഘടനക്ക് നൽകാൻ കാണിച്ച മാനസികാവസ്ഥയെയാണ് നമ്മൾ 'വിശ്വഗുരു'എന്ന് വിളിക്കുന്നത്. 
ഐറണി തൂങ്ങിമരിക്കും, വർത്തമാനകാല ഇന്ത്യയിൽ. ദേഹം മുഴുവൻ ചെളിയിൽ മുങ്ങിയാലും 'എന്തൊരു സ്പീഡ് എന്ന് പറഞ്ഞുകൊണ്ട് ആരാധിക്കുന്ന ജനതയുള്ള നാട്ടിൽ, ഈ പുരസ്‌കാരം ഗോഡ്സെക്കും നാളെ കിട്ടാം. 
ഒരു പൗരൻ എന്ന നിലയിൽ  പ്രധാനമന്ത്രിയോട് ഒരപേക്ഷ മാത്രമേയുള്ളൂ, ആ പുരസ്‌കാരത്തിന്റെ പേര് കൂടി ദയവായി മാറ്റൂ.. ഈ മഹാരാജ്യത്തിനു വേണ്ടി ജീവിച്ചു മരിച്ച ബാപ്പു ഇത്തിരി കരുണയെങ്കിലും അർഹിക്കുന്നുണ്ട്. ??

Latest News