ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പരസ്യമായി ചമ്മട്ടികൊണ്ട് അടിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹറില്‍ ജൂണ്‍ 14 നാണ് സംഭവം. 28 കാരനായ ദിവസ ക്കൂലിക്കാരനെ പരസ്യമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. വൈര്‍ ഗ്രാമത്തില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു സംഭവം.
സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര സിംഗ്, കോണ്‍സ്റ്റബിള്‍ സൗരഭ് കുമാര്‍, കക്കോഡ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അമര്‍ സിംഗ് എന്നിവരെ ബുലന്ദ്ഷഹര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. സാഹില്‍ ഖാന്‍ എന്നയാളെ മരത്തില്‍ കെട്ടിയിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാവ് തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു, ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടാണ് അക്രമികള്‍ ചമ്മട്ടികൊണ്ട് അടിച്ചത്.
ഓണ്‍ലൈനില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ആദ്യം സൗരഭ് താക്കൂറിനെയും ഗജേന്ദ്രയെയുമാണ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ ധാമിയെയും ഇരയുടെ തല മൊട്ടയടിച്ച 15 വയസ്സുള്ള ആണ്‍കുട്ടിയെയും ഞായറാഴ്ച വൈകുന്നേരം പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.