ഭോപ്പാൽ- 'പട്ടിയെപ്പോലെ കുരയ്ക്കാൻ' ആവശ്യപ്പെട്ട് ഒരാളെ ചാക്കിട്ട് ആക്രമിക്കുന്നത് വീഡിയോ പകർത്തിയ മൂന്ന് മുസ്ലിം യുവാക്കൾക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തി. വിജയ് രാംചന്ദാനി എന്ന ഇര പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. തന്നോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടാണ് ഇവർ മർദ്ദിച്ചതെന്ന് വിജയ് രാംചന്ദാനി നൽകിയ പരാതിയിൽ വ്യക്തമാക്കി. മൂന്നു പ്രതികളുടെയും വീടുകൾ ബുൾഡോസർ വെച്ച് തകർക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദ്ദേശപ്രകാരമാണ് ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചത്. കടുത്ത ശിക്ഷ നൽകി മാതൃകയാക്കാൻ ഭോപ്പാൽ പോലീസ് കമ്മീഷണർക്കും ഭോപ്പാൽ കലക്ടർക്കും കർശന നിർദ്ദേശം നൽകി.
പ്രതികൾ വിജയ് രാം ചന്ദാനിയുടെ കഴുത്തിൽ കെട്ടിയ പെറ്റ് കോളർ വലിക്കുന്നതിന്റെ ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പോലീസ് കമ്മീഷണറോട് നേരത്തെ ഉത്തരവിട്ടിരുന്നു. തട്ടിക്കൊണ്ടുപോകൽ, തെറ്റായി തടയൽ, സ്വമേധയാ മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, പ്രതി ഇരയോട് 'പട്ടിയാകാൻ' ആവശ്യപ്പെടുന്നതും കേൾക്കാം.
'എന്നെ മർദിക്കുന്നതിനിടയിൽ, അവർ എന്നോട് മുസ്ലീമാകാനും ബീഫ് കഴിക്കാനും ആവശ്യപ്പെട്ടു. ഞാൻ ഒരു ഭീരുവാണെന്നും എന്നെ കൊല്ലാമായിരുന്നുവെന്ന് അവർ പറഞ്ഞുവെന്നും വിജയ് രാം ചന്ദാനി പറഞ്ഞു. ഞാൻ വീഡിയോ കണ്ടു. അത് വളരെ ഗൗരവമുള്ളതായി തോന്നി. മറ്റൊരാൾക്കെതിരായ ഇത്തരം പെരുമാറ്റം അപലപനീയമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനും 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാനും പോലീസ് കമ്മീഷണറോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്,' നരോത്തം മിശ്ര പറഞ്ഞു. സമീർ, സാജിദ്, ഫൈസാൻ എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.