തിരുവനന്തപുരം - മലയാളിയും ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാല പ്രൊഫസറുമായ പി.എ. മുഹമ്മദ് ബഷീറിന് ബ്രിട്ടീഷ് രാജാവിന്റെ ഉയര്‍ന്ന ബഹുമതിയായ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം. സിവില്‍ എന്‍ജിനീയറിംഗ് കോണ്‍ക്രീറ്റ് ടെക്‌നോളജി രംഗത്തെ 40 വര്‍ഷം നീണ്ട സമഗ്ര ഗവേഷണങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
കോട്ടയം വെണ്ണിക്കുളം സ്വദേശിയായ പ്രൊഫ. ബഷീര്‍ 1981ല്‍ കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദവും കോഴിക്കോട് റീജനല്‍ എന്‍ജിനീയറിംഗ് കോളജില്‍ (ഇപ്പോഴത്തെ എന്‍.ഐ.ടി) നിന്ന് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും നേടിയ ശേഷം റീജനല്‍ എന്‍ജിനീയറിങ് കോളജില്‍ അധ്യാപകനായി. 1987ല്‍ ബ്രിട്ടനിലെ ക്യൂന്‍സ് ബെല്‍ഫാസ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും നേടി. തുടര്‍ന്ന് അതേ സര്‍വകലാശാലയില്‍ അധ്യാപകനായ ബഷീര്‍ 1999ല്‍ സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് പ്രൊഫസറായി. 2014ല്‍ പ്രശസ്തമായ ലീഡ്‌സ് സര്‍വകലാശാലയില്‍ സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ചെയര്‍ പദവിയില്‍ നിയമിതനായി. തുടര്‍ന്ന് ലീഡ്‌സിലെ സിവില്‍ എന്‍ജിനീയറിംഗ് സ്‌കൂള്‍ മേധാവിയായി.
2021ല്‍ രാജ്യാന്തര സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോണ്‍ക്രീറ്റ് ടെക്‌നോളജിയുടെ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി. കോണ്‍ക്രീറ്റ് ഗവേഷണവുമായി ബന്ധപ്പെട്ട് 35 ഡോക്ടറേറ്റുകളും 15 പോസ്റ്റ് ഡോക്ടറേറ്റുകളും അദ്ദേഹത്തിന് കീഴില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര ജേണലുകളില്‍ 400ലധികം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1991ല്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഐ.ഐ.ടികള്‍ ഉള്‍പ്പെടെ ലോകത്തെ മുന്‍നിര സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രഫസറും ഐറിഷ് അക്കാദമി ഓഫ് എന്‍ജിനീയറിംഗിലും യു.കെ റോയല്‍ അക്കാദമി ഓഫ് എന്‍ജിനീയറിംഗ് ഉള്‍പ്പെടെ രാജ്യാന്തര സംഘടനകളിലും വിശിഷ്ട അംഗവുമാണ്.