ന്യൂദല്‍ഹി- മണിപ്പൂരിലെ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍. എസ്. എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍. എസ്. എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിയെ കാണാന്‍ നടത്തിയ ശ്രമം അനുവദിക്കാതിരിക്കുകയും മന്‍ കി ബാത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാതിരിക്കുകയും ചെയ്തത് കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. അതിനിടയിലാണ് ബി. ജെ. പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍. എസ്. എസ് രംഗത്തെത്തിയത്.
നാല്‍പ്പത്തിയഞ്ചു ദിവസമായി തുടരുന്ന മണിപ്പൂര്‍ കലാപം തുടരുന്നത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും കലാപത്തിന് ഇരകളായ അരലക്ഷത്തോളം പേര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അക്രമത്തിന് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ആര്‍. എസ്. എസ് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും ആര്‍. എസ്. എസ് ആവശ്യപ്പെട്ടു.
സമാധാന അന്തരീക്ഷമുണ്ടാകാന്‍ പരസ്പര സംഭാഷണവും സാഹോദര്യവും വേണമെന്ന് ദത്താത്രേയ പ്രസ്താവനയില്‍ വ്യക്തമാക്കി.