ലണ്ടന്‍- മസാജ് പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത ശേഷം അഭിമുഖത്തിന് ക്ഷണിച്ച് നാല് യുവതികളെ ബലാത്സംഗം ചെയ്ത 50 കാരനായ ഇന്ത്യന്‍ വംശജന് യു.കെയില്‍ 18 വര്‍ഷം ജയില്‍. രഘു സിംഗമനേനി എന്നയാളെയാണ് വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂറി ഏകകണ്ഠമായി കണ്ടെത്തിയിരുന്നു.
നോര്‍ത്ത് ലണ്ടനിലെ ഇംസ്ലിംഗ്ടണിലെ ഹോളോവേ റോഡ്, വുഡ്ഗ്രീനിലെ ഹൈ റോഡ് എന്നിവിടങ്ങളിലാണ് സിംഗമനേനി രണ്ട് മസാജ് പാര്‍ലറുകള്‍ നടത്തിയിരുന്നത്. ജോബ്‌സ് ആപ്പില്‍ പരസ്യം നല്‍കിയാണ് യുവതികളെ ക്ഷണിച്ചിരുന്നത്. തുടര്‍ന്ന് ഇവരെ കാണാന്‍ അപ്പോയിന്റ്‌മെന്റ് നിശ്ചയിക്കുകയായിരുന്നു പതിവ്. പല സ്ത്രീകളും തൊഴില്‍ പ്രതീക്ഷയില്‍ വശീകരിക്കപ്പെട്ടിരുന്നുവെന്നും തുടര്‍ന്നാണ് ലൈംഗികാതിക്രമങ്ങള്‍ നടത്തിയതെന്നും മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു.
സ്ത്രീകള്‍ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്കാണ് വിധേയരായതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഹുസൈന്‍ സയീം പറഞ്ഞു. സ്ത്രീകള്‍ തനിക്കെതിരെ പരാതി നല്‍കില്ലെന്നാണ് സിംഗമനേനി കരുതിയിരുന്നത്. എന്നാല്‍ ഈ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ധൈര്യമുണ്ടായിരുന്നു. ഏകകണ്ഠമായ വിധിയിലൂടെ ജൂറി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ചില ലൈംഗിക വേട്ടക്കാര്‍ തങ്ങളുടെ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നു. അവര്‍ക്ക് അതിന് കഴിയില്ലെന്നാണ് ഈ കേസ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിംഗമനേനി ഒരു സീരിയല്‍ കുറ്റവാളിയാണെന്ന് ഞങ്ങള്‍ക്കറിയാം. ചിലര്‍ ഇനിയും പരാതി നല്‍കിയിട്ടുണ്ടാവില്ല. ലൈംഗിക അതിക്രമങ്ങളില്‍ പരാതികളുമായി മുന്നോട്ടുവരണമെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.