ലണ്ടന്‍- മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20) യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം.
നിശാക്ലബ്ബില്‍ കണ്ടുമുട്ടിയ യുവതിയെ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ റോഡിലൂടെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിയും പ്രീതും ക്ലബ്ബില്‍വെച്ചാണ് പരിചയപ്പെട്ടത്. അമിതമായി മദ്യപിച്ച യുവതി ഇവിടെനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പ്രീതിനെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി യുവതിയെ തന്റെ ഫഌറ്റിലെത്തിച്ച് പീഡിപ്പിച്ചത്.
സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്നായിരുന്നു യുവതി പോലീസിന് നല്‍കിയ മൊഴി.
ക്ലബ്ബില്‍നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി യുവതിയെ തോളിലേറ്റി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രതി പിന്നീട് യുവതിക്ക് അയച്ച ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.