ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇത് ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ജൂണ്‍ 13ന് നടന്ന സംഭവത്തിലെ പ്രതികള്‍ ഇന്നലെ അറസ്റ്റിലായി. സംഭവത്തില്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് സാഹിലിന്റെ കുടുംബം ഇന്നലെ എ എസ് പിയ്ക്ക് പരാതി നല്‍കിയതിന് ശേഷമാണ് അറസ്റ്റുണ്ടായത്.കാകോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ സാഹില്‍ എന്ന യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. ജൂണ്‍ 13ന് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന സാഹിലിനെ ബൈക്കിലെത്തിയ മൂന്നുപേര്‍ ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവിടെവച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്ന് സാഹില്‍ പറഞ്ഞു. തുടര്‍ന്ന് സാഹിലിനെ പ്രതികള്‍ മരത്തില്‍ കെട്ടിയിടുകയും തല മുണ്ഡനം ചെയ്തതിനുശേഷം ജയ് ശ്രീറാം എന്ന് വിളിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെയാണ് പ്രതികള്‍ അറസ്റ്റിലായത്.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും പകരം മോഷണക്കേസ് രജിസ്റ്റര്‍ ചെയ്ത് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സാഹില്‍ ആരോപിക്കുന്നു. തന്നെയും കുടുംബത്തെയും പോലീസ് ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതെന്ന് എ എസ് പിയ്ക്ക് കൊടുത്ത പരാതിയിലുണ്ട്.