മുംബൈ-കവര്‍ച്ചയ്ക്കിടെ രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി മുപ്പത് വര്‍ഷത്തിന് ശേഷം പിടിയിലായി. അതിന് വഴിയൊരുക്കിയതും അവിനാഷ് പവാര്‍ (49) എന്ന പ്രതി തന്നെ. മദ്യലഹരിയിലാണ് പ്രതി 19ാംവയസില്‍ ചെയ്ത കൊലപാതകത്തെ കുറിച്ചും കവര്‍ച്ചയെക്കുറിച്ചും ഒരു പാര്‍ട്ടിക്കിടെ വെളിപ്പെടുത്തിയത്. ഇക്കാര്യം ആരോ പോലീസില്‍ അറിയിച്ചതോടെയാണ് ട്വിസ്റ്റ് ഉണ്ടായത്.
മൂന്ന് പതിറ്റാണ്ട് നീണ്ട ഒളിവ് ജീവിതം നയിച്ച അവിനാശ് കഴിഞ്ഞ ദിവസമാണ് മദ്യപാന പാര്‍ട്ടിക്കിടെ ഇരട്ടകൊലപാതകവും കവര്‍ച്ചയും വീരകൃത്യമായി വെളിപ്പെടുത്തിയത്. പോലീസ് തന്നെ പിടിക്കില്ലെന്ന ആത്മവിശ്വാസമായിരുന്നു അവിനാശിന്.
1993 ഒക്ടോബറില്‍ ലോണാവാലയിലെ വീട്ടിലാണ് അന്ന് 19കാരനായിരുന്ന അവിനാശ് പവാറും മറ്റു രണ്ടുപേരും ചേര്‍ന്ന് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കിടെ മൂന്നംഗസംഘം 55 വയസുള്ള ഗൃഹനാഥനെയും 50 വയസുള്ള ഭാര്യയെും കൊലപ്പെടുത്തുകയും ചെയ്തു. കേസില്‍ അവിനാശിനൊപ്പമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 19കാരനായ അവിനാശ് ഒളിവില്‍പ്പോയി. ഇങ്ങനെ മൂന്നു പതിറ്റാണ്ട് പിടികിട്ടാപ്പുള്ളിയായി കഴിയുമ്പോഴാണ് മദ്യം വില്ലനായി കടന്നുവന്നത്. മദ്യപാന പാര്‍ട്ടിയിലുണ്ടായിരുന്ന ഒരാള്‍ മുംബൈ ക്രൈംബ്രാഞ്ചിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടറും എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുമായ ദയാ നായിക്കിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച വിക്രോളിയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം ദല്‍ഹിയിലേക്കാണ് പ്രതി മുങ്ങിയത്. പിന്നീട് മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്ക് പോയി, അവിടെ മറ്റൊരു പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടി, ഔറംഗാബാദില്‍ നിന്ന് പിന്നീട് അഹമ്മദ് നഗറിലേക്ക് പോയി. ഒടുവില്‍ മുംബയിലെ വിക്രോളിയില്‍ സ്ഥിരതാമസമാക്കിയ അവിനാശ് വിവാഹം കഴിക്കുകയും തന്റെ പുതിയ പേരില്‍ ആധാര്‍ കാര്‍ഡ് നേടുകയും ചെയ്തു. ഒളിവില്‍ പോയതിന് ശേഷം പിന്നീട് ഒരിക്കലും ജന്മസ്ഥലമായ ലോണാവാലയില്‍ പോയിട്ടില്ലെന്നും അമ്മയുമായോ ബന്ധുക്കളുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും അവിനാശ് പോലീസിനോട് പറഞ്ഞു.