Sorry, you need to enable JavaScript to visit this website.

രോഗികള്‍ക്ക് പരാതി പറയാനായി സ്വകാര്യ ആശുപത്രികളില്‍ പരാതി സെല്ലുകള്‍ വരുന്നു

കോഴിക്കോട് - രോഗികള്‍ക്ക് പരാതി പറയാനായി സ്വകാര്യ ആശുപത്രികളില്‍ പരാതി സെല്ലുകള്‍ വരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ എം എ) ആഭിമുഖ്യത്തിലാണ് പരാതി സെല്ലുകള്‍ രൂപീകരിക്കുന്നത്. ഐ എം എ. ഡോക്ടര്‍മാരും മാനേജ്‌മെന്റ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെല്‍. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കും. സ്വകാര്യ ആശുപത്രികളില്‍ രോഗികളുടേയും ബന്ധുക്കളുടേയും പരാതികള്‍ കേള്‍ക്കാന്‍ സംവിധാനമില്ലാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ഐ എം എയുടെ വിലയിരുത്തല്‍. ഇതിന്റെ  അടിസ്ഥാനത്തിലാണ് പ്രശ്‌ന പരിഹാര സമിതികള്‍ രൂപീകരിക്കുന്നത്. കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും തമ്മിലുളള ബന്ധം ഊഷ്മളമാക്കുക എന്നൊരു ലക്ഷ്യം കൂടി പരാതി പരിഹാര സെല്‍ രൂപീകരണത്തിന് പിന്നിലുണ്ട്. ഡോക്ടര്‍മാര്‍, ആശുപത്രി പി ആര്‍ ഒ, സൂപ്രണ്ട്, മാനേജ്‌മെന്റ് പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാകും സമിതി. സമിതിയുടെ ചുമതലക്കാര്‍ ആരൊക്കെയാണെന്ന കാര്യം വ്യക്തമായി ആശുപത്രികളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. സെല്‍ സ്വീകരിക്കുന്ന സമീപനത്തില്‍ തൃപ്തരല്ലെങ്കില്‍ ഐ എം എയെ നേരിട്ട് സമീപിക്കാം. പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന ഡോക്ടര്‍മാരുടെ പാനല്‍ ഇതിനുവേണ്ടിയുണ്ടാകും.

 

Latest News