Sorry, you need to enable JavaScript to visit this website.

കാമുകിയെ ഓര്‍ത്ത് കരയുന്ന ആ പ്രവാസി ഞാനല്ല; ഇസ്സാം അല്‍ഗാലിബ് ഞെട്ടിയ കഥ

വാര്‍ത്തകള്‍ കണ്ടെത്താന്‍ പലപ്പോഴും വേഷം മാറിയ മാധ്യമ പ്രവര്‍ത്തകനാണ് ഇസ്സാം അല്‍ ഗാലിബ്. ജിദ്ദയിലെ ബലദിയ തൂപ്പുകരാനായും യാചകനായും ടാക്‌സി ഡ്രൈവറായും വേഷം മാറി തയാറാക്കിയ അദ്ദേഹത്തിന്റെ പല വര്‍ത്തകളും മലയാളം ന്യൂസിന്റെ സഹോദര പ്രസിദ്ധീകരണമായ അറബ് ന്യൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ അണിഞ്ഞ തൂപ്പുകാരന്റെ വേഷത്തിന് ഇങ്ങനെയൊരു പരിണതി ഇസ്സാം ഗാലബ് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.
സൗദി അറേബ്യയില്‍ ദുരിതം തിന്നു കഴിയുന്ന ഇന്ത്യക്കാരനാക്കിയിരിക്കയാണ് അദ്ദേഹത്തെ. അതും ഒരു സാധാരണ പ്രവാസിയല്ല. കാമുകി നാട്ടില്‍നിന്ന് അയച്ച പ്രണയ ലേഖനം വായിച്ച് എല്ലാ ദിവസവും വീര്‍പ്പടക്കുന്ന തൂപ്പുകാരന്‍.
ബാബുവിന്റെ പ്രണയ കഥ എന്ന പേരില്‍ തന്റെ ഫോട്ടോ ചേര്‍ത്തുകൊണ്ടുള്ള കഥ പ്രസിദ്ധീകരിക്കപ്പെട്ടത് ഇസ്സാം തന്നെയാണ് കണ്ടെത്തിയത്. ഞെട്ടിപ്പോയ അദ്ദേഹം അക്കാര്യം ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചു.
ലൈഫ് ഇന്‍ സൗദി അറേബ്യ ബ്ലോഗിലാണ് സൗദി അറേബ്യയിലെ പാവങ്ങള്‍ എന്ന സെക്്ഷനില്‍ ബാബുവിന്റെ പ്രണയ കഥ ചേര്‍ത്തിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് നീളമുള്ള ചൂലുമായി റോഡുകള്‍ വൃത്തിയാക്കുന്ന ബാബുവിന്റെ മനസ്സില്‍ കുറച്ചു കാശുണ്ടാക്കി എത്രയും വേഗം നാട്ടിലേക്ക് മടങ്ങി കാമുകിയെ വിവാഹം ചെയ്യണമെന്ന ചിന്ത മാത്രമേയുള്ളൂ. പണം സമ്പാദിക്കാന്‍ വിദേശത്ത് എത്ര കാലം നിന്നാലും അവളെ മാതമേ വിവാഹം ചെയ്യൂ എന്നത് ബാബു നല്‍കിയ വാക്കാണ്. വര്‍ഷങ്ങളായിട്ടും ബാബുവിന് നാട്ടിലേക്ക് മടങ്ങാനായിട്ടില്ല.
എല്ലാ ദിവസവും നീണ്ട ജോലിക്കുശേഷം ഏതെങ്കിലും മതിലിനോട് ചാരി വിശ്രമിക്കുമ്പോള്‍ പോക്കറ്റില്‍ നിന്ന് ആ പ്രണയ ലേഖനമെടുത്ത് വായിക്കുന്ന ബാബു പൊട്ടിക്കരയും. സങ്കടം അടക്കാനാവാത്ത ആ നിമിഷങ്ങളില്‍ കത്ത് കൈയില്‍നിന്ന് താനേ താഴെ വീഴും.
എന്തിനാണ് അദ്ദേഹം കരയുന്നതെന്ന് കുറിപ്പില്‍ ചോദിക്കുന്നു. കാരണം, ആരുമില്ല ആശ്വസിപ്പിക്കാന്‍. അയാളുടെ സങ്കടം കാണാന്‍ ആരുമില്ല. ദുഃഖകാരണത്തെ ചോദിക്കാനോ സന്തോഷം പങ്കുവെക്കാനോ ആരുമില്ല. അയാള്‍ക്കുമില്ലേ വിചാര വികാരങ്ങള്‍..
അയാള്‍ നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന യന്ത്രമോ റോബോട്ടോ അല്ല, അയാളും ഒരു മനുഷ്യജീവിയാണ്. ആളുകള്‍ മോശമായി പെരുമാറുമ്പോഴും പരിഹസിക്കുമ്പോഴും അയാളെ വേദനിപ്പിക്കുന്നുണ്ട്. സ്‌നേഹത്തോടെയുള്ള ഒരു വിളിയില്ലെന്നതു പോകട്ടെ, ആളുകളുടെ ശകാരമേറ്റുവാങ്ങുമ്പോള്‍ അയാള്‍ വല്ലാതെ വേദനിക്കുന്നുണ്ട്. ഇവിടെ വാ, അവിടെ പോ എന്നൊക്കെയാണല്ലോ നിങ്ങള്‍ അയാളോട് ആക്രോശിക്കുന്നത്.
പക്ഷേ, ഒരു ദിവസം ബാബു നാട്ടിലേക്ക് മടങ്ങുമെന്നും അന്ന് നിങ്ങള്‍ അയാളില്ലാത്തതിന്റെ പ്രയാസം അനുഭവിക്കുമെന്നും ഓര്‍മിപ്പിക്കുന്നു ലേഖനം. ആളുകള്‍ എത്രമാത്രം മോശമായാണ് അയാളോട് പെരുമാറിയതെന്ന് അറിയുമ്പോഴേക്കും സമയം വൈകിയിരിക്കുമെന്നും കുറിപ്പുകാരന്‍ ഉണര്‍ത്തുന്നു.
സൗദികള്‍ എപ്പോഴെങ്കിലും തൂപ്പുകാരായി ജോലി ചെയ്യുമോ എന്ന തലക്കെട്ടില്‍ റിയാദ് ദിനപത്രം ഒരാഴ്ച മുമ്പ്  പ്രസിദ്ധീകരിച്ച അബ്ദുല്‍ ഹാദി അല്‍ സഅദിയുടെ ലേഖനമാണ് ഈ കഥയുടെ അടിസ്ഥാനം. സൗദി ഗസറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഇംഗ്ലീഷ് തര്‍ജമ അടിസ്ഥാനമാക്കി തയാറാക്കിയ കുറിപ്പാണ് ഇസ്സാം  ഗാലിബിന്റെ ചിത്രം ചേര്‍ത്ത് ലൈഫ് ഇന്‍ സൗദി അറേബ്യ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൗദികള്‍ തൂപ്പുജോലിക്കും തയാറാകണമെന്നും സ്വന്തം ജനതയുടെ ചുമലില്‍ മാത്രമേ രാഷ്ട്രത്തിന് ഉയരാന്‍ സാധിക്കുകയുള്ളൂവെന്നും ഉണര്‍ത്തുന്നതാണ് സഅദിയുടെ ലേഖനം. സൗദികള്‍ തൂപ്പു ജോലി ചെയ്യുന്നത് അസാധ്യമെന്ന് പറഞ്ഞ് തന്നെ വിമര്‍ശിക്കാന്‍ വരേണ്ടെന്നും അതു കാലം തീരുമാനിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
 
ഇസ്സാം അല്‍ ഗാലിബ്

Latest News