ന്യൂഡല്‍ഹി- 88,032 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ബാങ്ക് നോട്ട് പ്രിന്റിംഗ് പ്രസ്സുകള്‍ അച്ചടിച്ച ബാങ്ക് നോട്ടുകള്‍ അപ്രത്യക്ഷമായെന്ന് വിവരാവകാശ രേഖ ഉദ്ധരിച്ച് വാര്‍ത്ത പ്രചരിച്ചതോടെയാണ് രാത്രി വൈകി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.
2005ലെ വിവരാവകാശ നിയമപ്രകാരം അച്ചടിശാലകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ തെറ്റായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.
പ്രസ്സുകളില്‍ നിന്ന് റിസര്‍വ് ബാങ്കിന് വിതരണം ചെയ്യുന്ന എല്ലാ നോട്ടുകളും കൃത്യമായി കണക്കില്‍ വരുമെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്സുകളില്‍ അച്ചടിച്ച് റിസര്‍വ് ബാങ്കിന് വിതരണം ചെയ്യുന്ന നോട്ടുകള്‍ പരിശോധിക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളെ ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
87,032.50 കോടി രൂപ വിലമതിക്കുന്ന 500 രൂപ നോട്ടുകള്‍ കാണാതായതായി ആക്ടിവിസ്റ്റ് മനോരഞ്ജന്‍ റോയ് വിവരാവകാശ നിയമത്തിലൂടെ ലഭിച്ച വിവരങ്ങള്‍ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് പ്രിന്റിംഗ് പ്രസ്സുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം പുതുതായി രൂപകല്‍പന ചെയ്ത 500 രൂപ നോട്ടുകളുടെ 8810.65 ദശലക്ഷം കറന്‍സി നോട്ട് പ്രസ്സുകള്‍ അച്ചടിച്ചതായി കണ്ടെത്തി. എന്നാലും 2016-17 കാലയളവില്‍ 7260 ദശലക്ഷം നോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്ന് റിസര്‍വ് ബാങ്കിന്റെ രേഖകള്‍ കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.