ബംഗളുരു- യുവാവ് പീഡിപ്പിക്കാന്‍ നോക്കിയെന്ന് എട്ടു വയസുകാരി നുണ പറഞ്ഞു, കേട്ട പാതി, കേള്‍ക്കാത്ത പാതി ജനം നിരപരാധിയെ കാര്യമായി കൈകാര്യം ചെയ്തു. എട്ടുവയസുകാരിയെ കാണാതായതോടെ മാതാപിതാക്കള്‍ ഭയന്നു. അന്വേഷണത്തിനൊടുവില്‍ ടെറസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വഴക്കില്‍ നിന്ന് രക്ഷപ്പെടാനായി, ഡെലിവറി ബോയ് ബലമായി ടെറസിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കുട്ടി നുണ പറയുകയായിരുന്നു.
ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ കുടുംബം അയല്‍വാസികളെയും സെക്യൂരിറ്റിയേയുമൊക്കെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ അപ്പാര്‍ട്ട്മെന്റിന്റെ ഗേറ്റ് അടയ്ക്കുകയും, ഫുഡ് ഡെലിവറിയ്ക്കെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പോലീസിലും വിവരമറിയിച്ചു. ഇതിനുപിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പെണ്‍കുട്ടി കള്ളം പറഞ്ഞതാണെന്ന് മനസിലായത്.
മാതാപിതാക്കളുടെ വഴക്ക് കിട്ടാതിരിക്കാനാണ് കള്ളം പറഞ്ഞതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ആസാം സ്വദേശിയാണ് ഡെലിവറി ബോയ്. പരാതിയുണ്ടെങ്കില്‍ പറയണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും തനിക്ക് പരാതിയൊന്നുമില്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം. തനിക്കും ഒരു മകളുണ്ടെന്നും ആ മാതാപിതാക്കളുടെ മാനസികാവസ്ഥ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.