Sorry, you need to enable JavaScript to visit this website.

ഹിന്ദുരാഷ്ട്രത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് എം.എല്‍.എ

റായ്പൂര്‍- ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് എം.എല്‍.എ. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നിയമസഭാംഗം അനിത ശര്‍മ്മയാണ് വിവാദ ആഹ്വാനം നടത്തിയത്.  വെള്ളിയാഴ്ച പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് റായ്പൂരില്‍ നടന്ന സമ്മേളനത്തിലാണ് ധര്‍ശിവ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ശര്‍മ്മയുടെ പരാമര്‍ശം. ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിച്ച് നില്‍ക്കണമെന്നാണ് അവര്‍ അഭ്യര്‍ഥിച്ചത്. പരാമര്‍ശം അടങ്ങുന്ന വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നമ്മളെല്ലാവരും, എവിടെയായിരുന്നാലും... ഒരു ഹിന്ദു രാഷ്ട്രമുണ്ടാക്കുമെന്ന് പ്രതിജ്ഞയെടുക്കണം.. നമ്മള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം, എല്ലാ ഹിന്ദുക്കളും ഒരുമിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ- ചടങ്ങില്‍ എംഎല്‍എ പ്രാദേശിക ഛത്തീസ്ഗഢി ഭാഷയില്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് ഇവരുടെ അഭിപ്രായത്തെ തള്ളി. തികച്ചും വ്യക്തിഗത അഭിപ്രായമാണിതെന്ന് പാര്‍ട്ടി പ്രതികരിച്ചു. അനിത ശര്‍മയുടേത് വ്യക്തിപരമായ പ്രസ്താവനയാണന്ന് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ മേധാവിയും വക്താവുമായ സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു.
ഭരണഘടനയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിലകൊള്ളുന്നത്. ബാബാസാഹേബ് അംബേദ്കര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയ നേതാക്കള്‍ തയ്യാറാക്കിയ മഹത്തായ ഭരണഘടനയില്‍ പരാമര്‍ശിച്ചിരിക്കുന്ന മതേതരത്വത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു- ശുക്ല പറഞ്ഞു.
ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അഭിപ്രായ വ്യത്യാസങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ശുക്ല പറഞ്ഞു.
അതിനിടെ, തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാ ജനങ്ങളുടെയും ഐക്യത്തെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും അനിതാ ശര്‍മ്മ ശനിയാഴ്ച പറഞ്ഞു.
'ഞാന്‍ ഗാന്ധിയനാണ്. വിദ്വേഷം അവസാനിപ്പിക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്... എല്ലാ മതങ്ങളില്‍ നിന്നുമുള്ളവരും സഹോദരന്മാരാണ്... ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാ ജനങ്ങളുടെയും ഐക്യത്തെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്... എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പം എല്ലാ മതങ്ങളുടെയും ഐക്യമാണ്. തന്റെ പ്രസ്താവനയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അനിത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു രാഷ്ട്രത്തെക്കുറിച്ചും രാമരാജ്യത്തെക്കുറിച്ചും സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് ശര്‍മയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഭാരതീയ ജനതാ പാര്‍ട്ടി വക്താവ് കേദാര്‍ ഗുപ്ത പറഞ്ഞു.
ഏക സിവില്‍ കോഡ് വരുന്നു. അവള്‍ അതിനെ പിന്തുണയ്ക്കുമോ?.. കോണ്‍ഗ്രസ് പറയുന്നതും ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്-ഗുപ്ത പറഞ്ഞു.

 

Latest News