അബുദാബി- ലൂവ്‌റ് അബുദാബിയിലെ താഴികക്കുടത്തിന് കീഴില്‍, വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമുള്ള 350 ഓളം പേര്‍ ഇന്ന് യോഗ ചെയ്യാന്‍ ഒത്തുകൂടി.
മ്യൂസിയത്തിന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെ നടന്ന പരിപാടി ജൂണ്‍ 21 ന് നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന് തിരശ്ശീല ഉയര്‍ത്തി. ഈ വര്‍ഷത്തെ പ്രമേയമായ 'യോഗ വസുധൈവ കുടുംബകം' എന്നതിന് അനുസൃതമായിരുന്നു പരിപാടി.
ആരോഗ്യത്തിനും മനസ്സമാധാനത്തിനും വേണ്ടിയുള്ള ആഗ്രഹം പങ്കിടുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഒന്നിപ്പിക്കാനുള്ള യോഗയുടെ ശക്തി യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എടുത്തു പറഞ്ഞു.
'യോഗയുടെ മനോഹരവും ശക്തവുമായ അഭ്യാസവും അതിന്റെ പൈതൃകവും അടിസ്ഥാന മൂല്യങ്ങളും നാം ഒരുമിച്ച് ആഘോഷിക്കുന്നു. പ്രകൃതിയുമായും ലോകവുമായും നമ്മുടെ സഹജീവികളുമായും ഉള്ള സന്തോഷം, ആത്മനിര്‍വൃതി എന്നിവക്കായുള്ള നമ്മുടെ അന്വേഷണത്തിന് ഇത് കരുത്തുപകരും- അദ്ദേഹം പറഞ്ഞു.