ന്യൂദല്‍ഹി-തമിഴ്‌നാട്ടില്‍ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി എസ്.ജി.സൂര്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബി.ജെ.പി. പൗരന്മാരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും യാതൊരു വിലയും നല്‍കാതിരുന്ന യഥാര്‍ഥ സ്റ്റാലിനെപ്പോലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രവര്‍ത്തന ശൈലിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സൂര്യക്ക് ബിജെപിയും കേന്ദ്രസര്‍ക്കാരും എല്ലാവിധ പിന്തുണയും നല്‍കും.തന്റെ രീതിയും യഥാര്‍ഥ സ്റ്റാലിന്റെ രീതിയും ഒന്നാണെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് ലോകം മുഴുവന്‍ സഞ്ചരിച്ച് കുറ്റപ്പെടുത്തുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ പാര്‍ട്ടി അധികാരത്തിലിരുന്ന 10 വര്‍ഷവും ഇതു തന്നെയാണ് സംഭവിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഘടകകക്ഷി തമിഴ്‌നാട്ടില്‍ ചെയ്യുന്നതും അതു തന്നെയാണെന്ന് രാജീവ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി.സൂര്യയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ ഒരു ശുചീകരണ തൊഴിലാളി മരിച്ചെന്ന് ആരോപിച്ചായിരുന്നു സൂര്യ ട്വീറ്റ് ചെയ്തത്. സിപിഎം മധുര എംപി വെങ്കടേശ്വന്‍, സിപിഎം കൗണ്‍സിലര്‍ വിശ്വനാഥന്‍ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയായിരുന്നു ട്വീറ്റ്.
തോട്ടിപ്പണി നിയമം മൂലം നിരോധിച്ചതാണെന്നും എന്നിട്ടും അദ്ദേഹത്തിനു ആ പണി ചെയ്യേണ്ടി വന്നതായും തുടര്‍ന്ന് അലര്‍ജി ബാധിച്ച് മരിച്ചെന്നുമായിരുന്നു സൂര്യയുടെ ആരോപണം. വിഷയത്തില്‍ മധുര എംപി വെങ്കടേശ്വന്‍ മൗനം പാലിക്കുന്നതായും സൂര്യ കുറ്റപ്പെടുത്തി. മധുരയില്‍ ഇങ്ങനൊരു സംഭവം നടന്നിട്ടല്ലെന്നാണു പോലീസ് പറയുന്നത്.