കൊല്‍ക്കത്ത- പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഇല്ലാതാക്കാന്‍ കേന്ദ്ര സേനയെ അയക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സര്‍ക്കാരും സംസ്ഥാനത്തെ നിയമോപദേഷ്ടാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്ന് കമ്മീഷനിലെ വൃത്തങ്ങള്‍ അറിയിച്ചു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 48 മണിക്കൂറിനുള്ളില്‍ ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടായ എല്ലാ ജില്ലകളിലും റിക്വസിഷന്‍ ഉത്തരവുകള്‍ പാലിക്കാന്‍ ചീഫ് ജസ്റ്റിസ് ടി. എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പിയുടെ സുവേന്ദു അധികാരിയും കോണ്‍ഗ്രസ് എം. പി അധിര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. 2022ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും 2021ലെ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും വ്യാപകമായ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.