കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് സര്‍വീസുകള്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ മൂന്ന് വിമാനത്താവളങ്ങളില്‍നിന്നായി ഹജിന് മക്കയിലെത്തിയത് 7971 തീര്‍ഥാടകര്‍. ഇതില്‍ കൂടുതലും കരിപ്പൂര്‍ വഴിയാണ് യാത്രയായത്. കഴിഞ്ഞ നാലുമുതലാണ് ഹജ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. ഇന്നലെ മൂന്ന് വിമാനങ്ങളിലായി 155 പുരുഷന്മാരും 280 സ്ത്രീകളുമായി 435 പേരാണ് യാത്രയായത്. പുലര്‍ച്ചെ 4.10, രാവിലെ 8.58 വൈകുന്നേരം 6.08 നുമാണ് വിമാനങ്ങള്‍ പുറപ്പെട്ടത്.
ഇന്ന് അഞ്ച് വിമാനങ്ങള്‍ ഹാജിമാരുമായി മക്കയിലേക്ക് പുറപ്പെടും. കരിപ്പൂരില്‍നിന്നു മൂന്നും കണ്ണൂരില്‍നിന്നു രണ്ടും വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക. കരിപ്പൂരില്‍നിന്നു പുലര്‍ച്ചെ 5, രാവിലെ 8.25, വൈകുന്നേരം 6.35 സമയങ്ങളിലാണ് സര്‍വീസ്. മൂന്ന് വിമാനങ്ങളിലായി 435 പേരാണ് കരിപ്പൂര്‍ വഴി യാത്രയാവുക. ഇതില്‍ 211 പേര്‍ പുരുഷന്മാരും 224 പേര്‍ സ്ത്രീകളുമാണ്. കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ 1.45 നും രാത്രി 11.05 നുമാണ് സര്‍വീസ്. കണ്ണൂരിലേക്ക് അനുവദിച്ച അധിക വിമാനമാണ് രാത്രി 11.05 ന് സര്‍വീസ് നടത്തുന്നത്. രണ്ട് വിമാനങ്ങളിലായി 290 പേര്‍ പുറപ്പെടും. കരിപ്പൂരില്‍നിന്ന് തിങ്കളാഴ്ച പലുര്‍ച്ചെ 4.20 നും രാവിലെ 7.10 നും വൈകുന്നേരം 6.40 നുമാണ് സര്‍വീസ്. കണ്ണൂരില്‍ നിന്നും തിങ്കളാഴ്ച സര്‍വ്വീസില്ല.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, മലപ്പുറം ജില്ലാ സബ് കലക്ടര്‍ ശ്രീധന്യ എന്നിവര്‍ ഹജ് ക്യാംപിലെത്തി ഹാജിമാര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.