മുംബൈ-സ്‌കൂള്‍ അസംബ്ലിയില്‍ ബാങ്ക് കേള്‍പ്പിച്ചുവെന്ന് ആരോപിച്ച് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മുംബൈ കാണ്ടിവാലിയിലെ സ്‌കൂളിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളും ബി.ജെ.പി പ്രവര്‍ത്തകരും കപോള്‍ വിദ്യാനിധി ഇന്റര്‍നാഷണല്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ സ്‌കൂളിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ പലപ്പോഴും ഇവിടെ നടക്കാന്‍ വരാറുണ്ടെന്നും വെള്ളിയാഴ്ച രാവിലെ ബാങ്ക് വിളി കേട്ടുവെന്നും ഒരു രക്ഷിതാവ് പറഞ്ഞു. അതേസമയം, മതങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാനാണ് ബാങ്ക് വിളി കേള്‍പിച്ചതെന്് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രശ്മി ഹെഗ്‌ഡെയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പി എംഎല്‍എ യോഗേഷ് സാഗറിന്റെ നേതൃത്വത്തിലായിരുന്നു സ്‌കൂളിനു പറുത്ത് പ്രതിഷേധം. ശിവസേനയുടെ പ്രാദേശിക നേതാവായ സഞ്ജയ് സാവന്ത് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അധ്യാപകനാണ് വെള്ളിയാഴ്ച രാവിലെ അസംബ്ലിക്കിടെ ഫോണില്‍നിന്ന് ഉച്ചഭാഷിണിയില്‍ ബാങ്ക് കേള്‍പിച്ചതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, ബന്ധപ്പെട്ട അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതൊരു ഹിന്ദു സ്‌കൂളാണെന്നും പ്രാര്‍ത്ഥനകളില്‍ സരസ്വതി പൂജ, ഗണപതി പൂജ, നവരാത്രി പൂജ എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നും ഇനി ഇത് സംഭവിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജയ് കുമാര്‍ ബന്‍സാല്‍ പറഞ്ഞു.
നേരത്തെ, മഹാരാഷ്ട്രയിലെ മാലേഗാവ് ജില്ലയില്‍ മുസ്ലിം പ്രാര്‍ത്ഥനയോടെ കരിയര്‍ ഗൈഡന്‍സ് പരിപാടി ആരംഭിച്ചതിന് ഒരു കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധച്ചതിനെ തുടര്‍ന്നാണ് മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് ആര്‍ട്‌സ്, സയന്‍സ് ആന്‍ഡ് കൊമേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ സുഭാഷ് എന്‍ നികമിനെ സസ്‌പെന്‍ഡ് ചെയ്തത്.