ചെന്നൈ- ആശുപത്രിയില്‍ നിന്നും അബദ്ധത്തില്‍ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച ഒന്‍പതുകാരി മരിച്ചു. സ്പിരിറ്റ് കുടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില വഷളായിരുന്നു.
മധുരെയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ അഗല്യ മരിച്ചത്. പെണ്‍കുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അമ്മ സമീപത്തുള്ള കുപ്പി എടുത്ത് കുടിക്കാന്‍ കൊടുക്കുകയായിരുന്നു. നഴ്‌സുമാര്‍ സ്പിരിറ്റ് അലക്ഷ്യമായി സൂക്ഷിച്ചതാണ് മകളുടെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് അമ്മ പറയുന്നത്.
എന്നാല്‍ കുട്ടിയുടെ മരണത്തിനും സ്പിരിറ്റിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. തലച്ചോറിലെ ധമനികള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൃക്ക സംബന്ധമായ അസുഖമായതുകൊണ്ട് കുടിക്കുന്ന വെള്ളത്തിന് പരിധി നിശ്ചയിച്ചിരുന്നു. അതുകൊണ്ടു തന്നെ കുറഞ്ഞ അളവാണ് കുടിച്ചത്. കൂടാതെ സ്പിരിറ്റ് കുടിച്ചയുടന്‍ തന്നെ അത് തുപ്പി കളഞ്ഞതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തള്ളകുളം പോലീസ് കേസെടുത്തു.
കഴിഞ്ഞ ഒന്നര വര്‍ഷമായി പെണ്‍കുട്ടി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ മൂന്നാമത്തെ ഡയാലിസിന് ശേഷം എത്തിച്ച പെണ്‍കുട്ടിക്ക് രക്തസമ്മര്‍ദ്ദം ഉയരുകയും അപസ്മാരം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ കട്ടിലിനടുത്തുള്ള കുപ്പിയിലേത് വെള്ളമെന്ന് തെറ്റിദ്ധരിച്ച് കുടിക്കാനായി നല്‍കിയത്. എന്നാല്‍ ഇതിനുപിന്നാലെ ആരോഗ്യ നില വഷളാവുകയും തീവ്രപരിചരണം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.