ചെറുകുപള്ളി- ആന്ധ്രപ്രദേശിലെ ബപട്‌ല ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ പാമു വെങ്കിടേശ്വര റെഡ്ഡി (20), പേര്‍പാമു ഗോപി റെഡ്ഡി (25), മണ്ടേല വീരബാബു (20) എന്നിവരാണ് പിടിയിലായത്. ഇവരും മറ്റൊരു പ്രതിയായ തുമ്മ സാംബി റെഡ്ഡിയും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യര്‍ഥി അമാര്‍നാഥാണ് (15) കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. മുഖ്യ പ്രതിയും ഇയാളുടെ മൂന്ന് കൂട്ടാളികളും പുലര്‍ച്ചെ നാല് മണി മുതല്‍ കുട്ടിയെ കാത്തിരുന്നുവെന്ന് ബപട്‌ല പോലീസ് സൂപ്രണ്ട് വകുല്‍ ജിന്‍ഡാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ചെറുകുപള്ളി വില്ലേജിലെ വിദൂര സ്ഥലത്താണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരിയെ ശല്യം ചെയ്തിരുന്ന വെങ്കിടേശ്വര റെഡ്ഡിയെ അമര്‍നാഥ് എതിര്‍ത്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പ്രണയത്തിന്റെ മറവില്‍ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ കുട്ടി എല്ലാവരേയും അറിയിക്കുകയും വെങ്കിടേശ്വര റെഡ്ഡിയുടെ അമ്മയോട് പരാതിപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വെങ്കിടേശ്വര റെഡ്ഡിയുടെ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ ക്ഷുഭിതനായ വെങ്കിടേശ്വര റെഡ്ഡി കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതി തയറാക്കുകയായിരുന്നു. വെങ്കിടേശ്വര റെഡ്ഡിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. നാലാം പ്രതി സാംബി റെഡ്ഡി ഒളിവിലാണ്.