Sorry, you need to enable JavaScript to visit this website.

ഇംഫാലില്‍ ബി.ജെ.പി നേതാക്കളുടെ വീടുകള്‍ കത്തിക്കാന്‍ ശ്രമം

ഇംഫാല്‍-വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ബി.ജെ.പി നേതാക്കളുടെ വീടുകള്‍ കത്തിക്കാന്‍ ശ്രമം. ഇംഫാല്‍ ടൗണില്‍ കഴിഞ്ഞ ദിവസം രാത്രി ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു.  ബിജെപി നേതാക്കളുടെ വീടുകള്‍ കത്തിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്  രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യത്യസ്ത സംഭവങ്ങളില്‍ മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ത, ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്‌വായ് എന്നിവിടങ്ങളില്‍ രാത്രി മുഴുവന്‍ വെടിയൊച്ച കേട്ടു.
ഇംഫാല്‍ വെസ്റ്റിലെ ഇറിംഗ്ബാം പോലീസ് സ്‌റ്റേഷന്‍ കൊള്ളയടിക്കാന്‍ ശ്രമം നടന്നു.  ആയുധങ്ങളൊന്നും മോഷ്ടിക്കപ്പെട്ടില്ല. കലാപകാരികള്‍ ഒത്തുകൂടുന്നത് തടയാന്‍ സൈന്യവും അസം റൈഫിള്‍സും മണിപ്പൂര്‍ റാപ്പിഡ് ആക് ഷന്‍ ഫോഴ്‌സും സംസ്ഥാന തലസ്ഥാനത്ത് അര്‍ദ്ധരാത്രി വരെ സംയുക്ത മാര്‍ച്ച് നടത്തി.
ഏകദേശം 1,000 പേരടങ്ങുന്ന  ജനക്കൂട്ടം പാലസ് കമ്പൗണ്ടിനു സമീപം കെട്ടിടങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആര്‍.എ.എഫ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.
മറ്റൊരു ജനക്കൂട്ടം എം.എല്‍.എ ബിശ്വജീത്തിന്റെ വീടിന് തീയിടാന്‍ ശ്രമിച്ചു. ആര്‍.എ.എഫ് എത്തിയാണ്  ആള്‍ക്കൂട്ടത്തെ തുരത്തിയത്.
അര്‍ദ്ധരാത്രിക്ക് ശേഷം മറ്റൊരു ജനക്കൂട്ടം സിന്‌ജെമൈയിലെ ബിജെപി ഓഫീസ് വളഞ്ഞെങ്കിലും സൈനികര്‍ ഇവരേയും പിരിച്ചുവിട്ടു.  ഇംഫാലിലെ പോരാംപേട്ടിനടുത്തുള്ള ബിജെപി വനിതാ പ്രസിഡന്റ് ശാരദാ ദേവിയുടെ വീട് അര്‍ധരാത്രിയോടെ ജനക്കൂട്ടം തകര്‍ക്കാന്‍ ശ്രമിച്ചു. ഇവിടേയും അക്രമികളെ  സുരക്ഷാ സേന പിരിച്ചുവിട്ടു

 

Latest News