തിരുവനന്തപുരം- മാധ്യമ പ്രവർത്തകനായ വേണു ബാലകൃഷ്ണനെതിരേയും സർക്കാർ ഉദ്യോഗസ്ഥനായ വി. മധുവിന്റെയും പേരിൽ സർക്കാർ സ്വീകരിച്ച നടപടികൾ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പാടേ നിഷേധിക്കുന്ന ഏകാധിപത്യ നടപടികളാണെന്ന് ചൂണ്ടിക്കാട്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനൽകി.
മതസ്പർധ വളർത്തി എന്നാരോപിച്ച് വേണുവിനെതിരേ ചാർജ് ചെയ്ത കേസ് ഉടൻ പിൻവലിക്കുകയും ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തുവെന്ന് ആരോപിച്ച് മധുവിനെ സസ്പെൻഡു ചെയ്ത നടപടി ഉടൻ റദ്ദാക്കുകയും വേണം.
ചാനൽ ചർച്ചക്കിടയിൽ നടത്തിയ ഒരു പരാമർശം മതസ്പർധ വളർത്തി എന്നാരോപിച്ചാണ് ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് വേണുവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഇതനുസരിച്ച് ചാനൽ ചർച്ച നയിക്കുന്നതിനിടയിൽപോലും വേണുവിനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയാൽ അത്ഭുതപ്പെടേണ്ടതില്ല.
പത്രങ്ങളിൽ എഴുതപ്പെടുന്ന വാർത്തകളുടെയും ചാനലുകളിൽ പറയപ്പെടുന്ന വാക്കുകളുടെയും അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പോയാൽ ദേശാഭിമാനിയിലും കൈരളിയിലും മറ്റും ജോലി ചെയ്യുന്ന എത്ര മാധ്യമ പ്രവർത്തകർ ഇതിനോടകം ജയിലിൽ പോകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.
ഇന്ത്യൻ ഭരണഘടന നൽകുന്ന ഏറ്റവും സുന്ദരമായ ആശയങ്ങളാണ് മതേതരത്വം, ജനാധിപത്യം, സോഷ്യലിസം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയവ. അതിന് വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളൊന്നും അടുത്ത കാലത്തുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ കേന്ദ്രത്തിലും നമ്മുടെ സംസ്ഥാനത്തും പുതിയ പ്രവണതകൾ മുളപൊട്ടിയിരിക്കുന്നു. എതിർ ശബ്ദങ്ങളെ ഏതു രീതിയിലും ഇല്ലാതാക്കുന്ന രീതിയിൽ അസഹിഷ്ണുത പത്തി വിടർത്തി ആടുകയാണ്. വേണുവിനെതിരേ എടുത്തിരിക്കുന്ന കേസും അസഹിഷ്ണുതയുടെ ഭാഗമാണ്.
തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ വി. മധുവിനെ സസ്പെൻഡ് ചെയ്തത് തികച്ചും ബാലിശമായ കാരണത്തിന്റെ പേരിലും വൈരനിര്യാതനത്തോടെയുമാണ്. പോലീസ് മർദിച്ചു കൊന്ന കെവിന്റെ ഭാര്യക്ക് ജോലി കൊടുക്കുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചപ്പോൾ, ഇങ്ങനെ ജോലി കൊടുക്കാൻ തുടങ്ങിയാൽ പി.എസ്.സി ടെസ്റ്റ് എഴുതുന്നവർ എന്തു ചെയ്യും എന്നു പരാമർശമുള്ള ഒരു പോസ്റ്റ് ഷെയർ ചെയ്തതിനാണ് മധുവിനെ സസ്പെൻഡ് ചെയ്തത്. സർക്കാർ ഇങ്ങനെയൊരു തീരുമാനം എടുത്തതു തന്നെ ഈ പോസ്റ്റിട്ട് ഏറെ നാൾ കഴിഞ്ഞാണ്. മേലുദ്യോഗസ്ഥരെ ധിക്കരിക്കുന്നതിനെതിരേയുള്ള വകുപ്പാണ് സർവീസ് ചട്ടത്തിലെ 60 എ. പാർട്ടി സെക്രട്ടറിയുടെ പേരു പരാമർശിച്ചാൽപോലും 60 എ പ്രകാരം നടപടിയെടുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നു ഖേദത്തോടെ ചൂണ്ടിക്കാട്ടട്ടെ.
അംഗപരിമിതനായ മധുവിനെതിരായ സസ്പെൻഷൻ ഉടൻ പിൻവലിച്ച് സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുകയും നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തുതന്നെ പുനഃപ്രവേശനം നൽകുകയും വേണം. സർക്കാരുകൾ വരുകയും പോകുകയും ചെയ്യുമായിരിക്കും. പക്ഷേ, മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ സ്ഥായിയായി നിലനിൽക്കേണ്ടവയാണ്. അവക്കു ഭംഗം വരാതെ കാത്തുസൂക്ഷിക്കേണ്ടത് ഭരണാധികാരികളുടെ കടമയാണെന്ന് ഉമ്മൻ ചാണ്ടി ഓർമിപ്പിച്ചു.