കൊണ്ടോട്ടി - സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ് തീർഥാടനത്തിന് ആറ് വിമാനങ്ങൾ കൂടി കേന്ദ്രം അനുവദിച്ചു. കരിപ്പൂരിൽ നിന്നും അഞ്ച്, കണ്ണൂരിൽ നിന്നും ഒരു വിമാനവുമാണ് അധിക സർവ്വീസ് നടത്തുക. ഈ മാസം 22 നകം സർവ്വീസ് പൂർത്തിയാക്കുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. അധിക വിമാനങ്ങൾ കൂടി അനുവദിച്ചതോടെ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്ന് വിമാനങ്ങളും ചൊവ്വാഴ്ച നാല് വിമാനങ്ങളും കരിപ്പൂരിൽ നിന്നും സർവ്വീസ് നടത്തും. കരിപ്പൂരിൽ നിന്നുള്ള അവസാനത്തെ ഹജ് വിമാനം വ്യാഴാഴ്ച രാവിലെ 8.50 നാണ് പുറപ്പെടുക.ആകെ 44 വിമാനങ്ങളാണ് ഹജ് കമ്മറ്റിക്ക് വേണ്ടി കരിപ്പൂരിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരുന്നത്.അധിക സർവ്വീസ് വന്നതോടെ വിമാനങ്ങളുടെ എണ്ണം 49 ആയി.13 സർവീ സ് ഷെഡ്യൂൾ ചെയ്ത കണ്ണൂരിൽ 14 സർവ്വീസുമായി.
പുതുതായി ഷെഡ്യൂൾ ചെയ്ത ആദ്യവിമാനം ഞായറാഴ്ച പുലർച്ചെ 5 മണിക്ക് കരിപ്പൂരിൽ നിന്നും പുറപ്പെടും.ഈ വിമാനത്തിലേക്കുള്ള ഹാജിമാർ ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ക്യാംപിൽ റിപ്പോർട്ട് ചെയ്യണം.രണ്ടാമത്തെ വിമാനം 20 ചൊവ്വാഴ്ച പുലർച്ചെ 5.45 നും,മൂന്നാമത്തെ വിമാനം രാവിലെ 9.25 ന് പുറപ്പെടും.നാലാമത്തെ വിമാനം 21 ബുധനാഴ്ച രാവിലെ 7.15 നാണ് പുറപ്പെടുക. ഇതിൽ പുറപ്പെടുന്ന ഹാജിമാർ ഇരുപതിന് രാവിലെ പതിനൊന്ന് മണിക്ക് ഹജ് ക്യാംപിലെത്തണം.അഞ്ചാമത്തെ വിമാനം 22 വ്യാഴാഴ്ച രാവിലെ 8.50 ന് പുറപ്പെടും.തീർഥാടകർ 21ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ക്യാംപിൽ റിപ്പോർട്ട്‌ചെയ്യണം.
കണ്ണൂരിൽ നിന്നും അധികമായി അനുവദിച്ച വിമാനം നാളെ രാത്രി 11.05 ന് പുറപ്പെടും. ഇതിൽ പുറപ്പെടേണ്ടവർ ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ക്യാംപിലെത്തണം.അധിക വിമാനങ്ങളിൽ അലോട്ട്‌മെന്റ് ലഭിച്ച തീർഥാടകർ ഹജ് കമ്മിറ്റി അറിയിച്ചിട്ടുള്ള സമയത്ത് തന്നെ യാത്രക്ക് സജ്ജരായി ഹജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യണം.റിപ്പോർട്ടിങ് സമയം ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ കവർ നമ്പർ നൽകി ഹാജിമാർക്ക് അവരുടെ യാത്രാ തീയതി പരിശോധിക്കാം.