ഇടുക്കി- സ്‌കൂള്‍ വിദ്യാര്‍ഥി താമസിച്ചിരുന്ന മുറിയില്‍ നിന്നും 30000 രൂപ വിലമതിക്കുന്ന നിരോധിത പാന്‍ മസാലകള്‍ പിടിച്ചെടുത്തു. കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പാന്‍ മസാലകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാന്‍ മസാല വില്‍പനക്ക് സഹായം ചെയ്തിരുന്ന ബീഹാര്‍ സ്വദേശി മുഹമ്മദ് ഹുസ്ബുദീന്‍ മന്‍സൂരി, മധ്യപ്രദേശ് സ്വദേശി മോഹന്‍ എന്നിവരെ ആരോഗ്യ വിഭാഗം പിടികൂടി. ഇവരെ താക്കീത് ചെയ്തു പറഞ്ഞയച്ചു.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ കച്ചവടം നടത്തുന്നതിനായാണ് കട്ടപ്പനയിലെ എയ്ഡഡ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മുറിയില്‍ രണ്ട് ചാക്കില്‍ നിറയെ പാന്‍ മസാലകള്‍ സൂക്ഷിച്ചിരുന്നത്. കേരളത്തില്‍ നിരോധിച്ച പത്തോളം തരം പാന്‍ മസാലകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് പുറമേ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും ബീഹാര്‍ സ്വദേശി പാന്‍ മസാലകള്‍ വിറ്റിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി .പി. ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.