ബുഡാപെസ്റ്റ്- അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഹംഗറി രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ വിദേശികളെ തേടുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേകം തൊഴില്‍ വിഭാഗം സ്ഥാപിക്കുന്ന നിയമ നിര്‍മാണം നടത്താന്‍ ഹംഗറി തയ്യാറെടുത്തു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ 47നെതിരെ 135 വോട്ടുകള്‍ക്കാണ് പാസ്സായത്.
യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് 90 ദിവസത്തിനു മുകളില്‍ ഹംഗറിയില്‍ താമസിക്കാന്‍ അനുമതി ലഭിക്കുന്നതാണ് പുതിയ നിയമം. സാധുവായ യാത്രാരേഖകള്‍, ജീവിതച്ചെലവ് താങ്ങാനുള്ള വരുമാനം, ഉറപ്പുള്ള താമസസ്ഥലം എന്നിവയുള്ളവര്‍ക്കാണ് അനുമതി ലഭ്യമാകുക. ഇതോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിക്കും.
വിദേശ തൊഴിലാളികള്‍ക്ക് രണ്ട് വര്‍ഷമാണ് ഹംഗറിയില്‍ താമസിക്കാനാവുക. ഇതിനുള്ള അനുമതിയാണ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക. ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാല്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ വിലയിരുത്തി അനുവദിക്കാനാവുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയാല്‍ വീണ്ടും താമസിക്കാനാകും.
തൊഴിലാളികളെ അനുവദിക്കാവുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നും എത്ര ക്വാട്ട നല്‍കണമെന്നും തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഹംഗറിയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാവുന്ന അത്രയും എണ്ണം പേരെ മാത്രമേ വിദേശത്തു നിന്നും അനുവദിക്കുകയുള്ളുവെന്ന് ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി സാന്‍ഡോര്‍ സോംബ വ്യക്തമാക്കി.