Sorry, you need to enable JavaScript to visit this website.

ടി.പി കേസ് പ്രതികൾ പരോളിലിറങ്ങി കുറ്റകൃത്യങ്ങൾ തുടരുന്നു

ടി.കെ. രജീഷ്
  • ടി.കെ. രജീഷിനെ കർണാടക പോലീസ് ചോദ്യം ചെയ്യുന്നു

 

കണ്ണൂർ - ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ പരോളിലിറങ്ങി ക്രിമിനൽ കുറ്റങ്ങൾ ആവർത്തിക്കുന്നത് അധികൃതർ അറിഞ്ഞിട്ടും കണ്ണടക്കുന്നതായി ആക്ഷേപം. ടി.പി കേസ് പ്രതികൾക്ക് ആവശ്യത്തിലധികം കാലം പരോൾ അനുവദിക്കുന്നതിന് പുറമേയാണ് രാഷ്ട്രീയ കൊലപാതക കേസുകളിലെ ആയുധങ്ങളായ ഈ പ്രതികൾക്ക് നേരെയുള്ള കണ്ണടക്കൽ. ടി.പി കേസിലെ നാലാം പ്രതി ടി.കെ. രജീഷിനെ അനധികൃത തോക്ക് കടത്തു കേസുമായി ബന്ധപ്പെട്ട് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയതാണ് ഈ പരമ്പരയിലെ അവസാന സംഭവം.
മറ്റു പ്രതികളായ കൊടി സുനിയും കിർമാണി മനോജും ഷാഫിയുമൊക്കെ ജയിലിലിരുന്നും പരോളിലിറങ്ങിയും ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തൃശൂരിലെ അതീവ സുരക്ഷാ ജയിലിൽ പോലും ഇവർക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിച്ചിരുന്നുവെന്ന ആരോപണം ഉയരുകയും ഇതിന് തെളിവു ലഭിക്കുകയും ചെയ്തിരുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മുഹമ്മദ് ഷാഫിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. രേഖകളില്ലാതെ സ്വർണം വാങ്ങാൻ വിസമ്മതിച്ചയാളെ ഫോണിൽ ഭീഷണിപ്പെടുത്തിയതിന് 2018 ൽ പരോളിലിറങ്ങിയ കൊടി സുനിക്കെതിരേ കേസെടുത്തിരുന്നു. കിർമാണി മനോജിനെ വയനാട്ടിലെ ലഹരി പാർട്ടിയിൽ പോലീസ് അറസ്റ്റ്‌ചെയ്ത സംഭവവുമുണ്ടായി.
2012 മെയ് നാലിന് രാത്രി 10 ന് വടകര വള്ളിക്കാട്ടിൽ വെച്ചാണ് ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ പി.കെ. കുഞ്ഞനന്തനും അശോകനും മരിച്ചതോടെ 10 പ്രതികൾ അവശേഷിക്കുന്നു. ടി.കെ. രജീഷ് നാലാം പ്രതിയാണ്.
കണ്ണൂർ പൊന്ന്യം സ്വദേശിയായ രജീഷ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ രഹസ്യമായി താമസിക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്.
തോക്ക് കടത്തു കേസ് പ്രതികളുമായി രജീഷിനുള്ള ബന്ധമാണ് ഇപ്പോൾ കർണാടക പോലീസ് അന്വേഷിക്കുന്നത്. നാലു ദിവസം മുമ്പ് ബംഗളൂരുവിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് മലയാളികളെ പോലീസ് പിടികൂടിയിരുന്നു. ലഹരി ഉൽപന്നങ്ങൾ പരിശോധിക്കാനായി ദേഹപരിശോധന നടത്തുന്നതിനിടെ അരയിലെ ബെൽറ്റിനുള്ളിൽ സൂക്ഷിച്ച തോക്ക് താഴെ വീണു. തുടർന്ന് സ്‌റ്റേഷനിൽ എത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ടി.പി വധക്കേസിലെ പ്രതി ടി.കെ. രജീഷിനു വേണ്ടിയാണ് കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നതെന്ന് ഇവർ മൊഴി നൽകി യത്. ഇതിന്റെയടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് കർണാടക പോലീസ് കോടതി മുഖേന രജിഷിനെ കസ്റ്റഡിയിൽ വാങ്ങിയത്. ജൂൺ 21 വരെയാണ് ബംഗളൂരു കോടതി ഇയാളെ കർണാടക പോലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ബംഗളൂരുവിലെ കബൺ പാർക്ക് പോലീസ് സ്‌റ്റേഷനിലാണ് രജീഷിനെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ കർണാടക പോലീസ്, പ്രൊഡക്ഷൻ വാറണ്ടു പ്രകാരം, രജീഷിനെ കൊണ്ടുപോയത് കേരള പോലീസ് അറിഞ്ഞില്ല. കേരള പോലീസുമായി ആശയവിനിമയമൊന്നും നടത്താതെ രഹസ്യമായിട്ടാണ് കർണാടക പോലീസ് രജീഷിനെ കൊണ്ടുപോയത്. രഹസ്യാന്വേഷണ വിഭാഗത്തിനും വിവരമൊന്നും ലഭിച്ചിരുന്നില്ല. 
ടി.കെ. രജീഷ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ നാലാം ബ്ലോക്കിലാണ്. പരോളിൽ ജയിലിന് പുറത്തായിരുന്ന സമയത്താണ് പ്രതികളുമായി രജീഷ് ബന്ധപ്പെട്ടിരുന്നതെന്നാണ് കർണാടക പോലീസ് സംശയിക്കുന്നത്. കോവിഡ് അവധി കൂടാതെ 160 ദിവസത്തെ പരോൾ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പുറമെ, പിടിയിലായവരെ ഒപ്പമിരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് കരുതുന്നത്.

 

Latest News