ചെന്നൈ- സഹ പ്രവർത്തകയെ ലെംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ്(ഡി.ജി.പി) രാജേഷ് ദാസിന് മൂന്ന് വർഷം തടവ് ശിക്ഷ. വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനെ വില്ലുപുരം കോടതിയാണ് ശിക്ഷിച്ചത്. അതേസമയം, രാജേഷ് ദാസിന് കോടതി ജാമ്യം അനുവദിച്ചു. അപ്പീലിന് പോകാൻ 30 ദിവസത്തെ സമയവും അനുവദിച്ചു.
2021 ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ സുരക്ഷയ്ക്കായി പട്രോളിംഗ് ഡ്യൂട്ടിയിൽ ഒരുമിച്ച് യാത്ര ചെയ്തപ്പോൾ ഉദ്യോഗസ്ഥൻ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മുതിർന്ന ഉദ്യോഗസ്ഥനെതിരെ വനിതാ ഐപിഎസ് ഓഫീസർ പരാതി നൽകിയിരുന്നു. എഐഎഡിഎംകെ സർക്കാർ ഇയാളെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ആറംഗ സമിതിയെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ വിഷയം 2021-ൽ തിരഞ്ഞെടുപ്പ് വിഷയമായി മാറുകയും അധികാരത്തിൽ വന്നാൽ നിയമനടപടികളും ശിക്ഷയും ലഭിക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ ഉറപ്പ് നൽകിയിരുന്നു.