ഹലോല്‍- ഗുജറാത്തില്‍ ഗോധ്ര സംഭവത്തിനു പിന്നാലെ നടന്ന നാല് കലാപങ്ങളിലെ പ്രതികളെ കോടതി വെറുതെവിട്ടു.
മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ ടൗണ്‍ കോടതി 35 പേരെയും വെറുതെ വിട്ടത്. കലാപം ആസൂത്രിതമാണെന്ന് അവകാശപ്പെട്ടത് കപട മതേതര മാധ്യമങ്ങളും രാഷ്ട്രീയക്കാരുമാണെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദി ഉത്തരവില്‍ പറഞ്ഞു.
2002 ഫെബ്രുവരി 28ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ കലോല്‍ ബസ് സ്റ്റാന്‍ഡ്, ഡെലോല്‍ ഗ്രാമം, ഡെറോള്‍ സ്‌റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് 35 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.
മൂന്നുപേരെ മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രതികള്‍ക്കെതിരെ തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
52 പ്രതികളുണ്ടായിരുന്ന കേസുകളില്‍ 17 പേര്‍ 20 വര്‍ഷത്തിലേറെ നീണ്ട വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലീസ് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് കാണാതായ മൂന്ന് പേരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് കേസ് രേഖകളില്‍ പറയുന്നു.
കലോല്‍ ബസ് സ്റ്റാന്റിലും മറ്റ് രണ്ട് സ്ഥലങ്ങളിലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ കലാപം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കലാപം, അനധികൃത സംഘം ചേരല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത 52 പ്രതികളെയും അറസ്റ്റ് ചെയ്ത് കലോല്‍, ഹലോല്‍, ഗോധ്ര എന്നിവിടങ്ങളിലെ സബ് ജയിലിലേക്ക് അയച്ചിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചു.
വിചാരണ വേളയില്‍ 130 സാക്ഷികളെ വിസ്തരിച്ചു.
പ്രതികള്‍ക്കെതിരെ ഒരു കുറ്റവും ചുമത്താന്‍ കഴിയില്ലെന്നും ആയുധങ്ങള്‍ കണ്ടെടുത്തതും പിടിച്ചെടുത്തതും തെളിയിക്കുന്നതില്‍ പോലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വിധിയില്‍ പറഞ്ഞു.
വര്‍ഗീയ കലാപക്കേസുകളിലെ കക്ഷികള്‍ കഴിയുന്നത്ര എതിര്‍ സമുദായത്തില്‍പ്പെട്ടവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന പ്രവണത കാരണം കുറ്റവാളികള്‍ക്കൊപ്പം നിരപരാധികളും ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് കോടതിയുടെ കടമയാണ്.
സാമുദായിക കലാപ കേസുകളില്‍ പോലീസ് സാധാരണയായി ഇരു സമുദായത്തിലെയും അംഗങ്ങള്‍ക്കെതിരെ കേസെടുക്കുന്നു. എന്നാല്‍ അത്തരം കേസുകളില്‍ കോടതിയാണ് ഏതാണ് ശരിയെന്ന് കണ്ടെത്തുന്നത്. കോടതിക്ക് ഈ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
2002 ഫെബ്രുവരി 27ലെ ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തില്‍ വേദനിച്ചവരുടെ മുറിവില്‍ കപട മതേതര മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഉപ്പ് പുരട്ടിയെന്ന് കോടതി വിമര്‍ശിച്ചു.