Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ സംഘര്‍ഷം രൂക്ഷം; സൈന്യം നിറയൊഴിച്ചു, മൂന്ന് മരണം

ശ്രീനഗര്‍- തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിദ്‌വാനി ഗ്രാമത്തില്‍ തിരച്ചിലിനെത്തിയ സൈനികരുമായി പ്രദേശ വാസികള്‍ നടത്തിയ ഏറ്റുമുട്ടലാണ് വെടിവെപ്പിലേക്കും മൂന്നു പേരുടെ മരണത്തിലേക്കും നയിച്ചത്. ശാക്കിര്‍ അഹ്്മദ് ഖണ്ഡയ,് ഇര്‍ഷാദ് മജീദ് എന്നിവരും അന്‍ഡലീബ് എന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്.
അജ്ഞാതരാണ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെ കല്ലെറഞ്ഞതെന്നും ഉടന്‍ തന്നെ സൈന്യം ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. വെടിവെപ്പിലേക്ക് നയിച്ച സാഹചര്യത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.
സൈന്യം നിരായുധരായ പ്രതിഷേധക്കാര്‍ക്കുനേരെ നിറയൊഴിച്ചതാണെന്നും കൂട്ടക്കൊലയാണിതെന്നും വീട്ടുതടങ്കലിലുള്ള ഹുര്‍രിയത്ത് സീനിയര്‍ നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ട്വിറ്ററില്‍ ആരോപിച്ചു.
ശ്രീനഗറിനു സമീപം ഹൈദര്‍പുരയില്‍ മറ്റൊരു സംഭവത്തില്‍ സി.ആര്‍.പി.എഫ് ഭടന് ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയുടെ രണ്ടാം ചരമ വാര്‍ഷികം കണക്കിലെടുത്ത് താഴ്‌വര അതീവ സുരക്ഷയിലാണ്. പലസ്ഥലങ്ങളിലും മുന്‍ കരുതല്‍ നപടികള്‍ സ്വീകരിച്ചു. കശ്മീരി നേതാവ് ആസിയ ആന്ത്രാബിയേയും രണ്ട് സഹായികളേയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരന്നു. വ്യാപാര സ്ഥാപനങ്ങളും വിദ്യാലായങ്ങളും അടഞ്ഞുകിടുന്നു. വാഹനങ്ങള്‍ റോഡിലിറങ്ങിയില്ല. ദക്ഷിണ-ഉത്തര കശ്മീരുകള്‍ക്കിടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
ട്രാല്‍ പട്ടണത്തില്‍ ജനങ്ങളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടു. വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനിയെ വീട്ടുതടങ്കിലിലാക്കി. ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക്കിനെ കസ്റ്റിഡിയിലെടുത്തു.

 

Latest News