Sorry, you need to enable JavaScript to visit this website.

ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ രാജിവെക്കാമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

മനില- ദൈവം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ രാജിവെക്കുമെന്ന വിചിത്ര വെല്ലുവിളിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടെ രംഗത്തെത്തി. ദൈവത്തെ വിഡ്ഢി എന്നു വിളിച്ച് നേരത്തെ വിവാദമുണ്ടാക്കിയ ഡുട്ടേര്‍ട്ടെ റോമന്‍ കത്തോലിക്ക വിശ്വാസികള്‍ ഭൂരിപക്ഷമുള്ള ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികളുടെ അടിസ്ഥാന വിശ്വാസങ്ങളെ ചോദ്യം ചെയ്താണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യ സംബന്ധിച്ച പരിപാടിയില്‍ വെള്ളിയാഴ്ച നടത്തിയ ഒരു പ്രസംഗത്തില്‍ ക്രിസ്ത്യന്‍ വിശ്വാസത്തിലെ പാപം എന്ന സങ്കല്‍പ്പത്തെ രൂക്ഷമായാണ് അദ്ദേഹം ചോദ്യം ചെയ്തത്. നിഷ്‌കളങ്കരായ നവജാത ശിശുക്കളെ പോലും പാപിയാക്കുന്ന വിശ്വാസ സങ്കല്‍പ്പമാണ് കത്തോലിക്കരുടേതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചില്‍ ഫീസ് അടച്ച് മാമോദീസമുക്കുന്നതിലൂടെ മാത്രമെ പിഞ്ചു കുഞ്ഞുങ്ങളുടെ പാപം പോലും നീക്കാന്‍ കഴിയൂ. ഇവിടെ ദൈവമുണ്ടെന്നതിന്റെ യുക്തി എന്താണ്? അദ്ദേഹം ചോദിച്ചു.

മനുഷ്യന് ദൈവവുമായി സംസാരിക്കാനും കാണാനും കഴിയുമെന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു ദൃക്‌സാക്ഷിയെങ്കിലും ഉണ്ടെങ്കില്‍ ആ നിമിഷം താന്‍ പ്രസിഡന്റ് പദവി ഉപേക്ഷിക്കുമെന്ന് 73-കാരനായ ഡുട്ടേര്‍ട്ടെ പറഞ്ഞു.

അതേ സമയം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു അദൃശ്യശക്തി തീര്‍ച്ചയായും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യ കുലത്തിനു തന്നെ ഭീഷണിയായ കോടിക്കണക്കിനു നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും കറക്കം പരസ്പരം കൂട്ടിയിടിക്കാതെ നിയന്ത്രിക്കുന്നതിനു പിന്നില്‍ ദൈവമോ പരമമായ ഒരു ശക്തിയോ ആകാമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News