ജയ്പൂര്‍- രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സര്‍ക്കാരിന്റെ വന്‍ പദ്ധതി പ്രഖ്യാപനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിച്ചു. കോണ്‍ഗ്രസിന്റെ പല അത്യുന്നത നേതാക്കളും മുന്‍ മന്ത്രിമാരും ജാമ്യത്തിലിറങ്ങി നടക്കുകയാണെന്നും പാര്‍ട്ടി ഒരു ജാമ്യ വണ്ടി (ബെയ്ല്‍ ഗാഡി) ആയി മാറിയിരിക്കുകയാണെന്നും മോഡി ആക്ഷേപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് നടത്തിയ റാലിയില്‍ പ്രസംഗിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം. സുനന്ദ പുഷ്‌ക്കര്‍ ആത്മഹത്യാ കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായി ശശി തരൂരിന് കോടതി ജാമ്യം അനുവദിച്ചത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മോഡിയുടെ പരിഹാസം. കോണ്‍ഗ്രസിനെ ഒരു ജാമ്യ വണ്ടിയായാണ് പലരും വിശേഷിപ്പിക്കുന്നതെന്നായിരുന്നു മോഡി പറഞ്ഞത്.
ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പരിപാടിയില്‍ മോഡിയുടെ പ്രസംഗം കാര്യമായും കര്‍ഷകര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികളെ കുറിച്ചായിരുന്നു. വിളകളുടെ താങ്ങു വില ഈയിടെ ഉയര്‍ത്തിയതടക്കം അദ്ദേഹം എടുത്തു പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണം പോലെ പ്രധാനമായും ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെ എടുത്തു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. രാജസ്ഥാനില്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയ പ്രശ്‌നങ്ങല്‍ നേരിടുന്നതിനിടെയാണ് മോഡിയുടെ സന്ദര്‍ശനം.