Sorry, you need to enable JavaScript to visit this website.

നഗ്നത പകര്‍ത്താന്‍ ജഡ്ജി മുതല്‍ പോലീസുകാര്‍ വരെ, കൊറിയയില്‍ വനിതകളുടെ പ്രതിഷേധ റാലി

സോള്‍- രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് നഗ്നത പകര്‍ത്തി ആസ്വദിക്കുന്ന സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ പതിനായിരക്കണക്കിനു സ്ത്രീകള്‍ തെരുവിലിറങ്ങി. ചാരക്കണ്ണുകളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാതായതോടെയാണ് സ്ത്രീകള്‍ പടുകൂറ്റന്‍ പ്രകടനം നടത്തിയത്. രാജ്യത്ത് സ്ത്രീകള്‍ മാത്രം പങ്കെടുത്ത ഏറ്റവും വലിയ പ്രതിഷേധ റാലിയായി ഇത് വിലയിരുത്തപ്പെടുന്നു.
വിദ്യാലയങ്ങള്‍, തൊഴില്‍ സ്ഥലങ്ങള്‍, ശുചിമുറികള്‍, വസ്ത്രം മാറുന്ന മുറികള്‍ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ നഗ്നത രഹസ്യ ക്യാമറകളില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ രാജ്യത്ത് സാധാരാണമായെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച വാര്‍ത്തകളും പതിവായിരിക്കയാണ്.
അശ്ലീല ദൃശ്യങ്ങള്‍ സൗത്ത് കൊറിയയില്‍ നിയമവിരുദ്ധമാണെങ്കിലും ഇത്തരം വിഡിയോകള്‍ പോണ്‍ സൈറ്റുകളിലും ഇന്റര്‍നെറ്റ് ചാറ്റ് റൂമുകളിലും വ്യാപകമായി ലഭ്യമാണ്. വ്യഭിചാരവും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്ന വെബ് സൈറ്റുകളിലും ഇത്തരം രഹസ്യ ക്യാമറാ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു.
രഹസ്യ വിഡിയോകള്‍ പിടിക്കുന്നവര്‍, ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുന്നവര്‍, കാണുന്നവര്‍ അങ്ങനെ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന മുദ്രാവാക്യങ്ങളാണ് സെന്‍ട്രല്‍ സോളില്‍ നടന്ന റാലയില്‍ മുഴങ്ങിയത്.
എന്റെ ജീവിതം നിന്റെ അശ്ലീലതക്കുവേണ്ടിയല്ല, ഞങ്ങളും മനുഷ്യരാണ്, നിങ്ങളുടെ മനോരോഗത്തിനുള്ള ലൈംഗിക  വസ്തുക്കളല്ല തുടങ്ങിയ സന്ദേശങ്ങളെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും വഹിച്ചായിരുന്നു പ്രകടനം. 55,000 വനിതകള്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും 20,000 പേര്‍ പങ്കെടുത്തുവെന്നാണ് പോലീസിന്റെ കണക്ക്. പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഗവും കൗമാരക്കാരാണ്. ഇവരാണ് ദക്ഷിണ കൊറയിയില്‍ പകര്‍ച്ച വ്യാധി പോലെ പടര്‍ന്ന രഹസ്യ ക്യാമറകളുടെ പ്രധാന ഇരകള്‍.
പൊതുസ്ഥലത്തെ ശുചിമുറിയില്‍ പോകുകയാണെങ്കില്‍ ചുമരിലോ വാതിലിലോ സംശയാസ്പദമായ ദ്വാരങ്ങളുണ്ടോ എന്നാണ് ആദ്യം നോക്കുകയെന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഒരു 22 കാരി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ദക്ഷിണ കൊറിയ ഏതുതരത്തിലുള്ള രാജ്യമായാണ് മാറുന്നത്. രഹസ്യ ക്യാമറയില്‍ പിടിക്കുന്നുണ്ടോ എന്ന ആശങ്കയില്ലാതെ  മൂത്രമൊഴിക്കാന്‍ പറ്റാത്ത ഒരു രാജ്യം-അവര്‍ പറഞ്ഞു.
ഇന്റര്‍നെറ്റും അത്യാധുനിക സ്മാര്‍ട്ട് ഫോണുകളുമായി സാങ്കേതിക വിദ്യയുടെ നെറുകയിലാണ് ദക്ഷിണ കൊറിയ. അഞ്ച് കോടി ജനങ്ങളില്‍ 95 ശതമാനവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഈ സാങ്കേതിക പുരോഗതി സ്ത്രീകള്‍ക്ക് പേടി സ്വപ്‌നമായി മാറിയിരിക്കുന്നു. വനിതകളുടെ അവകാശങ്ങള്‍ ഇനിയും പൂര്‍ണമായി വകവെച്ചു കൊടുക്കാത്ത പുരുഷമേല്‍ക്കോയ്മയുള്ള രാജ്യം കൂടിയാണിത്.
രഹസ്യ ക്യമാറകള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ 2010 ല്‍ 1100 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 6500 ആയിരുന്നു. ഈ കേസുകളിലെ പ്രതികള്‍ക്ക് നാമമാത്ര പിഴയും ജയിലും മാത്രമാണ് നല്‍കുന്നതെന്ന് വനിതാ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. കുറ്റവാളികളില്‍ കോളേജ് പ്രൊഫസര്‍മാരും സ്‌കൂള്‍ അധ്യാപകരും ഡോക്ടര്‍മാരും, ചര്‍ച്ചുകളിലെ പുരോഹിതന്മാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും , പോലീസ് ഓഫീസര്‍മാരും തുടങ്ങി ഒരു കോടതി ജഡ്ജി വരെ ഉള്‍പ്പെടുന്നു.
രഹസ്യപടമെടുപ്പ് സാധാരണമായതോടെ രാജ്യത്ത് വില്‍പന നടത്തുന്ന എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഫോട്ടെയെടുക്കുമ്പോള്‍ ഷട്ടര്‍ ശബ്ദം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാന്‍ പ്രത്യേക സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കുന്നു. കണ്ണടകള്‍, ലൈറ്ററുകള്‍, വാച്ചുകള്‍, കാര്‍ താക്കോലുകള്‍ തുടങ്ങി ടൈകളില്‍ വരെ ഘടിപ്പിക്കുന്ന സ്‌പൈ ക്യാമറകളും ഇവിടെ വ്യാപകമാണ്.
സ്‌പൈ ക്യാം രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കയാണെന്നും ഈ പകര്‍ച്ച വ്യാധിക്കെതിരെ കടുത്ത നടപടികള്‍ അനിവാര്യമാണെന്നും കഴിഞ്ഞ മേയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ പറഞ്ഞിരുന്നു.

 

Latest News