- ബി.ജെ.പി വിട്ട് സി.പി.എമ്മിൽ പോകുന്നത് കിണറ്റിൽ ചാടുന്നതിന് തുല്യമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ.
കൊച്ചി - ബി.ജെ.പിയിൽ നിന്നുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ രാജിയിൽ പ്രതികരിച്ച് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. നേതൃത്വത്തിന് പോരായ്മയുണ്ടായിരിക്കും. അത് ഞങ്ങൾ പരിശോധിക്കും. പക്ഷേ, ബി.ജെ.പി വിട്ട് സി.പി.എമ്മിൽ പോകുന്നത് കിണറ്റിൽ ചാടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ രാമസിംഹൻ അബൂബക്കർ ബി.ജെ.പി വിട്ട സാഹചര്യത്തിലാണ് രാധാകൃഷ്ണന്റെ പ്രതികരണം. സംവിധായകൻ രാജസേനൻ, നടൻ ഭീമൻ രഘു എന്നിവരും ഈയടുത്ത് ബി.ജെ.പിയിൽനിന്ന് രാജിവെച്ചിരുന്നു.
അതിനിടെ, കലാകാരനെന്ന നിലയിൽ സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലാത്തതുകൊണ്ടാണ് ബി.ജെ.പിയിൽനിന്ന് രാജിവെച്ചതെന്ന് രാമസിംഹൻ അലി അക്ബർ അറിയിച്ചു. ഇനിയൊരു രാഷ്ട്രീയ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും ധർമത്തോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അയച്ച രാജിക്കത്തും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു. കുറച്ചായി ബി.ജെ.പി നേതൃത്വത്തോട് അകന്നു നിൽക്കുകയായിരുന്നു രാമസിംഹൻ അബൂബക്കർ. നേരത്തെ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വമുൾപ്പെടെ എല്ലാ ഭാരവാഹിത്വവും രാമസിംഹൻ ഒഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പാർട്ടി വിട്ടുവെന്ന പ്രഖ്യാപനം.
ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരൻ തോറ്റപ്പോൾ വാക്കു പാലിച്ച് മൊട്ടയടിച്ച താൻ ഇനി ആർക്കു വേണ്ടിയും മൊട്ടയടിക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ച് രാമസിംഹൻ അറിയിച്ചു. ഈ കുറിപ്പിന് താഴെയാണ് ബി.ജെ.പി വിട്ട കാര്യം വ്യക്തമാക്കിയത്.
രാമസിംഹൻ അലി അക്ബറിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..
ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ....
എല്ലാത്തിൽ നിന്നും മോചിതനായി..
ഒന്നിന്റെ കൂടെമാത്രം, ധർമ്മത്തോടൊപ്പം ??
ഹരി ഓം..