തിരുവനന്തപുരം- റേഡിയോ കോളര്‍ സിഗ്നല്‍ ഇടയ്ക്കു മുറിയുന്നതിനാല്‍ അരിക്കൊമ്പന് എവിടെ എന്നതിന്റെ പേരില്‍ അഭ്യൂഹങ്ങള്‍ ശക്തം. കാട്ടാന കോതയാര്‍ ഡാമിനു 200-300 മീറ്റര്‍ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒന്‍പതിന് സിഗ്നല്‍ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നല്‍ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പന് ഉള്‍ക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി.
കോതയാര്‍ ഡാം പരിസരത്ത് നിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാര്‍ വനമേഖലയിലേക്കോ അരിക്കൊമ്പന് നീങ്ങുന്നുണ്ടോ എന്നതിന്റെ പേരിലും സംശയങ്ങള്‍ ഉയര്‍ന്നു. അരിക്കൊമ്പന് വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ പുതിയ തര്‍ക്കവിഷയമാകാതിരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ പെരിയാര്‍ കടുവ സങ്കേതത്തിലാണ് ലഭിക്കുന്നത്. അവിടെ നിന്നാണ് ഇതു കേരളത്തിലെ വനം ഉദ്യോഗസ്ഥര്‍ക്കു കൈമാറുന്നത്. ഇതിനുശേഷം കേരളം ഇതുകന്യാകുമാരി ഡിഎഫ്ഒയെ അറിയിക്കും. കോതയാര്‍ ഡാം പരിസരത്തു നിന്ന് കാട്ടാന പോയിട്ടില്ലെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കരുതുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു